ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദി ചാറ്റൻ...!!!


കൈ വിട്ട ആയുധോം, വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം. കാരണം 'സെന്റ്‌ ചെയ്ത ചാറ്റും' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല.. സത്യമായിട്ടും പറ്റില്ല..!!

============================================ 

കാഷ്വൽ ചാറ്റിംഗ്, ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട്, കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം..!!

പരസ്പരം കണ്ടാൽ 'ആലുവാ മണപ്പുറത്തു' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും, കുറെ 'ഡാ..' 'ഡാ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'-ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്, ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം.

'കാഷ്വൽ ചാറ്റിംഗ്' എന്നത് വളരെ സിമ്പിൾ ആയി തോന്നാം എങ്കിലും ആർക്കും അത്ര വേഗത്തിൽ ഗ്രഹിച്ചെടുക്കാൻ ആകാത്ത വിധം അർഥ വ്യാപ്തിയുള്ള ഒരു മഹാസാഗരമാണിത്. വെറുതേ ചാറ്റ് ബോക്സിൽ ഇടുന്ന ഒരു :-) ക്ക്, ആ ചിരിയിടാനുള്ള സാഹചര്യം മുതൽ, ചാറ്റിൽ പങ്കെടുക്കുന്ന രണ്ടു പേരുടെയും മാനസികാവസ്ഥയുമായി വരെ ബന്ധമുണ്ടാകാം. ഈ മൂന്നക്ഷരങ്ങൾ കൊണ്ട് സന്തോഷകരമായ ഒരു പുഞ്ചിരി മുതൽ, ആക്കൽ, നിസംഗത, പുച്ഛം തുടങ്ങി ഒട്ടനവധി മുഖ ഭാവങ്ങൾ കാണിക്കാൻ ഒരു നല്ല ചാറ്റനു കഴിയും.

മലയാളിയായ ഒരു നല്ല ചാറ്റനാകാൻ ഇംഗ്ലീഷിന്റെ കൂട്ടത്തിൽ മലയാളവും, പിന്നെ പുട്ടിനു തേങ്ങാപ്പീര പോലെ ഇടയ്ക്കിടയ്ക്ക് കുറേശെ സ്മൈലികളും ഇട്ടു കൊടുത്തോണ്ടിരിക്കണം. ഇതിൽ ഇംഗ്ലീഷ് കൂടിയാൽ ചാറ്റൻ വളരെ ഫോർമൽ ആണെന്നും, മലയാളം കൂടിയാൽ ചാറ്റൻ തനി ലോക്കൽ ആണെന്നും, സ്മൈലികളിൽ കുറവ് വന്നാൽ ചാറ്റൻ വളരെ സീരിയസ് ആണെന്നും അപ്പുറത്തുള്ള കക്ഷി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാൽ ഈ മൂന്നു ചേരുവകളുടെയും നല്ല രീതിയിൽ ഉള്ള ഒരു കൂട്ടിയോജിപ്പിക്കൽ ആണ് നല്ല ഒരു ചാറ്റന്റെ മുഖലക്ഷണം.

ഇതെല്ലാം ഉണ്ടായാലും, സ്വന്തം ചാറ്റ് ബോക്സിൽ വന്നു വീഴുന്ന മംഗ്ലീഷ് വരികളെ നല്ല രീതിയിൽ മനസ്സിലാക്കിയില്ലെങ്കിലും പണി പാളും.

============================================
 
ജോയിൻ ചെയ്ത അന്ന് മുതൽ എന്റെ കൂടെ ഒരേ പോലെ ജോലി ചെയ്ത്, ഒരേ വീട്ടിൽ താമസിച്ച്, ഒരേ പായയിൽ കിടന്നുറങ്ങി, ഒരേ പാത്രത്തിൽ നിന്നും കയ്യിട്ട് വാരി തിന്ന്, വളരെ ഒത്തൊരുമയോടെ ജീവിക്കുന്ന ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ ഇക്കക്കും ഇതേ പോലെ ചെറുതായി ഒന്ന് പണി പാളി.. എങ്ങനെയെന്നല്ലേ..?? അത് പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ഞങ്ങളുടെ സ്വന്തം ഇക്കയെ അറിയാത്തവർക്കായി ഇക്കയെ പറ്റി രണ്ടു വാക്ക്...

സുന്ദരൻ, സുമുഖൻ, സുശീലൻ, സുസ്വഭാവൻ, സുസ്മേരവദനൻ...!!
നിഷ്കളങ്കൻ, തമാശക്കാരൻ, സ്വന്തമായി ഒരു നടനെ ഉള്ളിന്റെയുള്ളിൽ ഉറക്കികെടുത്തിയിരിക്കുന്നവൻ...
അങ്ങിനെ എല്ലാം കൊണ്ടും സർവ്വ ഗുണ സമ്പന്നനായ ഒരു പാവം കോട്ടയംകാരൻ...
അതാണ്‌ ഞങ്ങടെ ഇക്ക..!!

ഇനി ബാക്കി കഥയിലേക്ക്...
അപ്പൊ നമ്മൾ പറഞ്ഞു വന്നത് ഇക്കേടെ ചാറ്റിങ്ങ്...
ചാറ്റിങ്ങിൽ അഗ്രകണ്യനായ ഇക്കയുടെ ചാറ്റിങ്ങ് ശേഷിയെ പറ്റി പുകഴ്ത്താൻ വാക്കുകൾ ഇല്ല. ഞങ്ങൾക്കെല്ലാം ചാറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന ചാറ്റ് ഗുരുവാണിക്ക. പിൽക്കാലത്ത്, ഫേസ് ബുക്ക്‌ ചാറ്റിങ്ങിന്റെ ബാല പാഠങ്ങൾ ഒരു അരുമ ശിഷ്യന് പഠിപ്പിച്ചു കൊടുത്തതും, ആ ശിഷ്യൻ ഫേസ് ബുക്കിലൂടെ മലപ്പുറം ഏരിയ കംപ്ലീറ്റ്‌ കവർ ചെയ്തതിനു ശേഷം 'ഇനി ഞാൻ കോട്ടയത്തോട്ടു കടന്നോട്ടെ ഇക്കാ..?' എന്ന് ചോദിച്ചപ്പോൾ, പഴയ ഗുരു ശിഷ്യനു ശിഷ്യപ്പെട്ടതും വേറെ കഥ. ആ കഥ പിന്നെയാകാം...

അങ്ങിനെ, ചാറ്റിലൂടെ നവരസങ്ങളും വിരിയിച്ച്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്ന് വേണ്ട തമിഴ് വരെ ചാറ്റിലൂടെ എടുത്തിട്ടു അമ്മാനമാടി ഒട്ടനേകം ചാറ്റർമാരുടെ കയ്യടി വാങ്ങി നമ്മുടെ ഇക്ക മുന്നേറുന്ന അവസരത്തിലാണ്, പാലക്കാടുള്ള ഒരു കൊച്ചു സുന്ദരി ഉമ്മച്ചിക്കുട്ടി ഇക്കയെ ഫേസ് ബുക്കിൽ കണ്ടെത്തുന്നതും, ഇക്കയോട് ചാറ്റി തുടങ്ങുന്നതും. ഫേസ് ബുക്കിലൂടെ ചാറ്റിങ്ങ് കത്തിക്കയറി തുടങ്ങിയപ്പോ, വല്ലപ്പോഴും മാത്രം ആക്സെസ് കിട്ടുന്ന ഫേസ് ബുക്ക് ഓപ്പണ്‍ ആകുന്നതും കാത്ത് ഇക്ക അക്ഷമനായി നഖവും കടിച്ച് ഇരിപ്പായി.

ഫേസ് ബുക്കിന് അല്ലേ പ്രശ്നമുള്ളൂ.. ജി-ടോക്ക് ആണെങ്കി ഈ ബ്ലോക്കും ഇല്ല. കാത്തിരുപ്പും വേണ്ട. എല്ലാം ടപ്പേ.. ടപ്പേ.. ടപ്പേന്ന് നടക്കും എന്ന് മനസ്സിലാക്കിയ ഇക്ക ആ കൊച്ചിനോട് 'ജി-ടോക്കിലേക്ക് വരാമോ..?' എന്ന് വളരെ വിനയാകുലനായി ചോദിക്കുന്നു.

അയ്യടാ..!! പാവം..!!

അങ്ങേത്തലക്കൽ ഇരുന്നു തന്നോട് ചാറ്റുന്ന പാവം ഇക്കയുടെ ആ വിനയം, ആ കുലീനമായ പെരുമാറ്റം, എല്ലാം ആ ഉമ്മച്ചിക്കുട്ടിക്ക് 'ക്ഷ' പിടിച്ചു. ഒട്ടും അർത്ഥശങ്കയില്ലാതെ അങ്ങിനെ ആ കുട്ടി ജി-ടോക്കിൽ പ്രത്യക്ഷപ്പെട്ടു..!!

കുറെ നേരം കഴിഞ്ഞിട്ടും ജി-ടോക്കിൽ നിന്ന് ഇക്കയുടെ അനക്കം ഒന്നും ഇല്ലാതായപ്പോ ആ നിഷ്കളങ്കയായ പെണ്‍കുട്ടി ഇക്കയോട് വളരെ ശാന്തമായി ചോദിച്ചു, 'cal cheyyano..?'

ഠിം..!! ദേ കിടക്കണു..!!

ആ ചോദ്യത്തിൽ നിന്നും ആ പാവം കുട്ടിയുടെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിച്ച ഇക്ക ഈ ചാറ്റിനു കർട്ടൻ ഇടാൻ തീരുമാനിച്ചു. ചാറ്റ് ചെയ്ത് തുടങ്ങി ഇത്ര പെട്ടെന്ന് തന്നെ 'ഫോണ്‍ ചെയ്യണോ..?' എന്ന് ചോദിച്ച ആ കുട്ടി അത്ര നിഷ്കളങ്കയൊന്നും ആയിരിക്കില്ലല്ലോ.. യേത്..!! പോരാത്തതിന് കറ തീർന്ന ഈശ്വര വിശ്വാസിയായ നമ്മുടെ ഇക്കയാണെങ്കി ചെറിയ പെരുന്നാളിന്റെ നോമ്പിലും.

'നോമ്പിന്റെ പുണ്യം നഷ്ടപ്പെടുത്താൻ ഇങ്ങനെ പല ഇബിലീസുകളും ശ്രമിക്കുമായിരിക്കും, ഞാൻ എന്തായാലും ഇതിലൊന്നും വീഴില്ല..' -ഇക്ക മനസ്സിൽ ഉറപ്പിച്ചു.

പിന്നെ കാര്യമായ ചാറ്റിങ്ങുകൾക്കെല്ലാം അവധി പ്രഖ്യാപിച്ച് ഇക്ക നല്ല കുട്ടിയായി വ്രതമാസത്തിന്റെ പുണ്യത്തിലേക്ക് മടങ്ങി.

============================================

നോമ്പൊക്കെ വളരെ നല്ല രീതിയിൽ തന്നെ കഴിഞ്ഞു, ഇക്കയെ ആർക്കും തോൽപ്പിക്കാൻ പറ്റിയില്ല. പക്ഷേ, തിരിച്ചു ചെന്ന് ജി-ടോക്കും ഫേസ് ബുക്കും ഒക്കെ എടുത്ത് പഴയ നൊസ്റ്റാൾജിയയൊക്കെ ഒന്ന് പൊടി തട്ടി എടുത്തപ്പോഴാണ്, 'ശ്ശേ..!! എന്നാലും അങ്ങിനെ ചെയ്യണ്ടാർന്നു..!!' എന്ന് തോന്നിയത്. ഈ ചിന്തയുമായി മനസ്സും വിഷമിപ്പിച്ച് മുഖത്ത് ഒരു വിഷാദ ഭാവവും എടുത്തിട്ട് ചുമ്മാ ആ പഴയ ചാറ്റുകളും സ്ക്രോൾ ചെയ്ത് ഇരിക്കണ സമയത്താണ്, ഇക്കക്ക് ആ കുട്ടിയോട് തെറ്റിദ്ധാരണ തോന്നാൻ ഇടയാക്കിയ ആ വാചകം വീണ്ടും സ്ക്രീനിൽ കണ്ടത്.. 'cal cheyyano..?'

ഇക്കയുടെ ഘൽബൊന്നു പിടഞ്ഞു..!! ആകെ മൊത്തത്തിൽ ഒന്ന് ഞെട്ടി..!! സട കുടഞ്ഞെണീക്കണ സിംഹക്കുട്ടിയെ പോലെ, ഇക്ക നടു നിവർത്തി പാതി മയക്കം വിട്ടുണർന്നു.. ഒന്നൂടി ഇരുത്തി വായിച്ചു...

'cal cheyyano..?'

പടച്ചോനേ..!! ആ കുട്ടി അപ്പൊ ചോദിച്ചത് 'കാൾ ചെയ്യണോ..?' എന്നല്ലേ..??
അതോ ഇനി, 'കാൾ ചെയ്യാണോ..?' എന്നാണോ..???

കുറെ നേരം ചാറ്റിൽ നിന്നും വിട്ടു നിന്ന അവസരത്തിൽ ആ പാവം കുട്ടി, ഇക്ക വല്ല ഫോണ്‍ കാളിലും ആണോ എന്നറിയാനായി 'കാൾ ചെയ്യാണോ..?' എന്ന് ചോദിച്ചതായിരുന്നു..!!

ഠിം.! ഠിം..!! ഠിം...!!!

ഇക്കയുടെ നെഞ്ചിടിപ്പ് കൂടി..!! 'ശേ.. വെറുതേ ആ കുട്ടിയെ തെറ്റിദ്ധരിച്ചു... ഇനി എങ്ങിനെ ഞാൻ ആ കൊച്ചിന്റെ പ്രൊഫൈൽ പിക്ച്ചറിൽ നോക്കും.. നാണക്കേടായിപ്പോയി...!!' ഇക്ക വ്യാകുലപ്പെട്ടു.

============================================
 
ഈ വിഷമം കണ്ട്, പടച്ചോനാണേ എനിക്കും സഹിച്ചില്ല.. സത്യം..!! ഞാൻ ഇക്കയോട് പറഞ്ഞു, 'പോട്ടെ ഇക്കാ, ഒന്നൂടെ ചാറ്റ് ചെയ്ത് തുടങ്ങിക്കോ..'

ഇക്ക കണ്ണിലേക്കു തള്ളിക്കയറി വന്ന രണ്ടു തുള്ളി കണ്ണീർ വലത്തെ കയ്യുടെ പുറം കൊണ്ട് ഒപ്പിയെടുത്തിട്ടു പറഞ്ഞു. 'അതല്ലട, അന്നത്തെ ആ ചോദ്യം ശരിയല്ല എന്ന് കരുതി ഞാൻ അവളെ ഫേസ് ബുക്കീന്നും ജി-ടോക്കീന്നും റിമൂവ് ചെയ്തു കളഞ്ഞു..!! ഇനിയെന്ത് ചെയ്യും ഡാ...'

അയ്യോ..!! ഈ വിഷമം എനിക്ക് ഒറ്റക്ക് കണ്ടു നിക്കാൻ വയ്യേ..!! ഞങ്ങളുടെ ഇക്ക കരയുന്നേയ്.. ഓടി വായോ..!! ആരേലും ഒരു പോം വഴി പറഞ്ഞു കൊടുക്കണേയ്...!!

[സത്യായിട്ടും ഈ സങ്കടം സഹിക്കാൻ പറ്റണില്ലിക്കാ... അതോണ്ടാ.... :-P ]

അഭിപ്രായങ്ങള്‍

  1. കൊള്ളാമെടാ...ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  2. കരയണ്ട ഇക്ക. കരയണ്ട... അത് താങ്കളെ പറ്റിക്കാൻ ഞങ്ങൾ ഇറക്കിയ ഒരു FAKE ID ആയിരുന്നു... :D

    മറുപടിഇല്ലാതാക്കൂ
  3. @Author
    താങ്കളുടെ ഇക്കയോട് ചോദിച്ചിട്ട് ആ പാലക്കാട്ട് കുട്ടിടെ gmail & Facebook id എനിക്കൊന്നു ഷെയർ ചെയ്യാമോ ?? ഞാൻ ഒന്ന് സ്രെമിച്ചു നോക്കിക്കോട്ടേ ??? ;)

    മറുപടിഇല്ലാതാക്കൂ
  4. ‘സെന്റ്‌ ചെയ്ത ചാറ്റും’ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല.. സത്യമായിട്ടും പറ്റില്ല..!! -- ithu sathyam alla...as per sajin's info...chat logil ninnum retrive cheyan pattum sent cheytha logs....

    മറുപടിഇല്ലാതാക്കൂ
  5. oru doubt ..
    ഇക്ക വല്ല ഫോണ്‍ കാളിലും ആണോ എന്നറിയാനായി 'കാൾ ചെയ്യാണോ..?' എന്ന് ചോദിച്ചതായിരുന്നു..!!

    ithu engana ningakku manasilaye .... ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിഞ്ഞു പോയ ചാറ്റുകളും, അതിലൂടെ ചർച്ച ചെയ്ത വിഷയങ്ങളും എടുത്ത്, കുറെ നേരത്തെ കൂലംകഷമായ ആലോചനക്കൊടുവിൽ ഇക്ക തന്നെ കണ്ടുപിടിച്ചതാ.. :P

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..