ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുപ്പ പുരാണം: ഒരു പാലക്കാടന്‍ വീര ഗാഥ!


ഞങ്ങളുടെ ഡിഗ്രി പഠനം അതിന്റെ വിജയകരമായ(തോറ്റു തൊപ്പിയിട്ട്) മൂന്നാം വര്‍ഷത്തില്‍ എത്തി നോക്കി നില്‍ക്കുന്ന കാലം. ഇതേ വര്‍ഷം തന്നെയാണ് മിനി പ്രോജെക്ക്ടും മെയിന്‍ പ്രോജെക്ടും ചെയ്യേണ്ടത്. പ്രോജെക്റ്റ്‌ ചെയ്യാന്‍ അല്പമെങ്കിലും താല്പര്യമുള്ളവര്‍ക്ക് ശരിക്കും ആഘോഷിക്കാന്‍ പറ്റിയ വര്‍ഷം. അത് പ്രോജെക്ടിനോടും പ്രോഗ്രാമിങ്ങിനോടും ഉള്ള അമിത പ്രണയം കൊണ്ടൊന്നും അല്ല. പ്രോജെക്റ്റ്‌ എന്നും പറഞ്ഞു ക്ലാസിലും കയറാതെ ചുമ്മാ തേരാ പാരാ നടക്കാം എന്നുള്ളതാണ് ഈ പ്രോജെക്റ്റ്‌ പ്രണയത്തിന്റെ പുറകില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞു രഹസ്യം.
അങ്ങനെ ഞങ്ങള്‍ രണ്ടു പ്രോജെക്ടുകളില്‍ ആദ്യത്തേതും പേരിലെങ്കിലും എളിമ പുലര്‍ത്തുന്നതുമായ  'മിനി പ്രോജെക്റ്റ്‌' ചെയ്തു തുടങ്ങി. ക്ലാസ് കട്ട് ചെയ്യല്‍ ആഘോഷമാക്കാന്‍ ശീലിച്ച ദിവസങ്ങള്‍. ഓരോ ദിവസം ഇടവിട്ട് ക്ലാസില്‍ വന്നു കേറുന്നവരും, സ്വയം മാവേലികളായി സ്ഥാനാരോഹണം ചെയ്തവരും, ഇത്തരക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുറ്റകരമല്ലാത്ത ഈ ക്ലാസ് കട്ട് ചെയ്യലിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തവരും, അങ്ങനെ എല്ലാരും ചേര്‍ന്ന് ആ ദിവസങ്ങളെ ശരിക്കും മുതലാക്കി. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ കടുകിട മാറിയാല്‍ ഫൈന്‍ വന്നു തലയ്ക്കു വീഴുന്ന കോളേജ് അന്തരീക്ഷത്തില്‍ അല്പമെങ്കിലും 'നിയമപരമായി' ഉഴപ്പാന്‍ കിട്ടിയ അവസരങ്ങളായിരുന്നു അതെല്ലാം. തലേ ദിവസം ഉറക്കം കളഞ്ഞിരുന്നു സിനിമ കണ്ടവരും, വേറെ വല്ല പണിക്കും പോയവരും അങ്ങനെ ഞങ്ങളെ പോലെയുള്ള എല്ലാ പാവം ഉഴപ്പന്‍മാരും(ഉഴപ്പികളും) ക്ലാസില്‍ വന്നാല്‍ മിസ്സുമാരുടെ പക്കല്‍ നിന്നും വരുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ ഒരേ സ്വരത്തോടെ നെഞ്ചും വിരിച്ചു നിന്ന് പറഞ്ഞു: "മിസ്സ്‌, ഫുള്‍ ടൈം പ്രോജെക്റ്റ്‌ ചെയ്തിരിക്കുന്ന ക്ഷീണം കാരണം വേറെ ഒരു സുബ്ജെക്ടും പഠിക്കാന്‍ പറ്റുന്നില്ല..". ഇത് കേള്‍ക്കുമ്പോള്‍ കനിവ് തോന്നുന്ന പാവം മിസ്സുമാര്‍(ചിലര്‍ മാത്രം) "അയ്യോടാ... പാവം കുട്ടികള്‍..." എന്ന് മനസില്‍ വിചാരിച്ച് എല്ലാം ക്ഷമിക്കും. അല്ലാതെ വേറെ ഒന്നും ചെയ്തിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ല എന്ന് അവര്‍ക്ക് അറിയാമായിരിക്കും.
ഈ രീതിയില്‍ ഞങ്ങളുടെ പ്രതാപകാലം പോയിക്കൊണ്ടിരിക്കെ ഞങ്ങള്‍ അറിഞ്ഞു, 'മിനി പ്രോജെക്റ്റ്‌' തീരാന്‍ പോകുന്നു, 'മെയിന്‍ പ്രോജെക്റ്റ്‌' ഉടന്‍ തുടങ്ങും.
മിനി പ്രോജെക്ടിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാതെ അതിനെ ചുറ്റിപ്പറ്റി നടന്ന പിള്ളേര്‍സ് ഞെട്ടലോടെ ആരോടെന്നില്ലാതെ ചോദിച്ചു, 'ഞങ്ങടെ പ്രോജെക്റ്റ്‌ തീരാന്‍ പോകുന്നോ... അതും ഞങ്ങള്‍ പോലും അറിയാതെ..' ഞങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും വളരെ 'വ്യക്ത്തമായി' ഉത്തരം തന്നു കൊണ്ടിരുന്ന കോളേജില്‍ ആ ചോദ്യവും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കാതെ കെട്ടടങ്ങി. പിന്നെ എല്ലാം സാധാരണ പോലെ, യാന്ത്രികമായി നീങ്ങി. മെയിന്‍ പ്രൊജെക്ടിനായി കമ്പനി കണ്ടു പിടിക്കണം. എല്ലാരും അതിന്റെ ചൂടിലേക്ക് തെന്നി മാറിയപ്പോള്‍, യൂണിവേര്‍സിറ്റിയെക്കാളും കൂടുതല്‍ നിയമങ്ങള്‍ സ്വന്തമായുള്ള കോളേജ് പറഞ്ഞു, 'ഒരു കമ്പനിയില്‍ നാല് പേരില്‍ കൂടുതല്‍ പ്രോജെക്റ്റ്‌ ചെയ്യാന്‍ പാടില്ല'. പിന്നെ കണ്ണും പൂട്ടി ഒരു ഡേറ്റ് അങ്ങട് പറഞ്ഞു. അതിനുള്ളില്‍ പ്രൊജക്റ്റ്‌ ചെയ്യാനുള്ള കമ്പനി കണ്ടു പിടിച്ചു സാന്‍ക്ഷന്‍ ലെറ്ററും സിനോപ്സിസും ആയി ഹാജരാവാന്‍ കല്പ്പനയുമായി.
അങ്ങനെ എല്ലരും ഓട്ടമായി. എല്ലാവര്‍ക്കും ഭയങ്കര തിരക്ക്. ഇതിനിടയില്‍ ഞങ്ങള്‍ ശ്രദ്ധിച്ചു, ചുപ്പനും ചുപ്പന്റെ പുറകില്‍ ചൊളയും ഈ ഇടപാടുകളിലോന്നിലും പങ്കു ചേരാതെ ഒരു സൈഡില്‍ മാറി നില്‍ക്കുന്നു. ആരാഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു, അവര്‍ക്ക് പണ്ടേ കമ്പനി കിട്ടി! ഇനി അങ്ങ് പോയി സാന്‍ക്ഷന്‍ ലെറ്ററും വാങ്ങി സിനോപ്സിസും എഴുതിയാല്‍ എല്ലാം പൂര്‍ത്തിയായി. അപ്പൊ ഈ ഓടി നടന്നവരൊക്കെ ആരായി? മിനി പ്രോജെക്റ്റ്‌ കഴിഞ്ഞതിന്റെ വെള്ളി വെളിച്ചത്തില്‍ എല്ലാരും ചേര്‍ന്ന് പ്രോജെക്ടുകളുടെ കുലപതികളായി അവരോധിക്കുകയും, എന്നിട്ടും മെയിന്‍ പ്രോജെക്റ്റ്‌ ചെയ്യാന്‍ പേരിനു പോലും ഒരു കമ്പനി കിട്ടാത്ത പ്രസ്ഥാപിത ബുജികള്‍ ആരായി? അതാണ് ചുപ്പന്‍. അത് പോട്ടെ. എല്ലാരും കുറച്ചു നേരം അത്ഭുത സ്ഥബ്ധരായി നിന്നതിനു ശേഷം വീണ്ടും സടകുടഞ്ഞെനീറ്റ സിങ്കങ്ങളെപ്പോലെ കമ്പനി പരതലില്‍ വ്യാപ്രുതരായി.
അങ്ങനെ സിനോപ്സിസ് സബ്മിറ്റ് ചെയ്യേണ്ട സുവര്‍ണ്ണ ദിനം ഒരു മൂന്നു നാല് ദിവസങ്ങളുടെ അകലത്തില്‍ വന്നു സഡന്‍ബ്രേക്ക്‌ ഇട്ടു നിന്നു. അപോളെക്കും എല്ലാരുടെയും അന്വേഷണം ഒരുവിധം ലക്ഷ്യ പ്രാപ്തിയില്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് സാന്‍ക്ഷന്‍ ലെറ്ററും വാങ്ങി സിനോപ്സിസ് സബ്മിറ്റ് ചെയ്യാനായി ചുപ്പനും ചൊളയും യാത്രയായി. തങ്ങള്‍ കണ്ടു വച്ചെന്നു എല്ലാരോടും പറഞ്ഞു നടന്ന ആ കമ്പനിയിലേക്ക് തന്നെ. തിരിച്ചു വന്ന ചുപ്പന്റെ മുഖഭാവം കണ്ട എല്ലാവരും ഞെട്ടിത്തരിച്ചു പോയി. കാരണം, ആ ഭാവം കണ്ടാല്‍ അങ്ങനെ ഒരു കമ്പനി ഇന്നവിടെ കാണാനില്ല എന്ന് വരെ തോന്നിപോകുമായിരുന്നു. പിന്നെ സാവകാശം ചോദിച്ചു മനസിലാക്കിയപ്പോള്‍ ഞങ്ങളറിഞ്ഞു, ലവന്മാര്‍ കണ്ടുവച്ചെന്നും പറഞ്ഞു നടന്ന കമ്പനിയില്‍ വേറെ നല്ല പെണ്‍പിള്ളേര്‍സ് കയറി, പ്രോജെക്ടും തുടങ്ങി. അവിടെ ഇനിയും പ്രൊജെക്ടിനു പിള്ളേരെ എടുക്കാന്‍ ആ കമ്പനിക്കു പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും 'ഒരു കമ്പനിയില്‍ നാല് പേരില്‍ കൂടുതല്‍ പ്രോജെക്റ്റ്‌ ചെയ്യാന്‍ പാടില്ല' എന്ന കോളേജിന്റെ മൂരാച്ചി നിലപാട് ചുപ്പനെ വ്യസനത്തിലാഴ്ത്തി. അങ്ങനെ നാല് എന്ന പാവം സംഖ്യ ഒരു മാരക നമ്പറായി ചുപ്പന്റെ മനസിന്റെ ഏതോ ഒരു കോണില്‍ കയറി ഇരിപ്പുറപ്പിച്ചു.
അതവിടെ അങ്ങിനെ തന്നെ ഇരുന്നോട്ടെ. കാരണം ആ നമ്പറിനു ചുപ്പന്റെ ജീവിതത്തില്‍ കുറച്ചു വിലയൊക്കെ ഉണ്ട്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ ഒരു 70/- രൂപയെങ്കിലും വില വരും.
സ്വന്തമായി അധ്വാനിച്ചു കണ്ടു പിടിച്ച കമ്പനി അങ്ങനെ വെറുതെ അങ്ങ് പോയപ്പോള്‍, നേരത്തെ ഞങ്ങളെ എല്ലാം ഓരോരുത്തരാക്കിയ ചുപ്പന്‍ ആരായി?
അധികം വൈകാതെ തന്നെ ചുപ്പന്‍ അടുത്ത കമ്പനി കണ്ടു പിടിച്ചു. ആദ്യം പറ്റിയ അമളി ഓര്‍ത്തിട്ടോ എന്തോ ചുപ്പന്‍ ഈ കമ്പനിയുടെ കാര്യം ആരോടും പറഞ്ഞില്ല. അത് ശരിക്കും പാലക്കാടുള്ള ഒരു കമ്പനിയായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ പാലക്കാടിനെ പ്രാതിനിധീകരിക്കുന്നവരില്‍ പ്രമുഖനായ എല്‍ജോയോട്  ചുപ്പന്‍ തന്റെ പുതിയ കമ്പനിയെ പറ്റിയുള്ള വിവരങ്ങള്‍ ഒരു ഗമണ്ടന്‍ രഹസ്യമെന്നോണം ഒളിപ്പിച്ചു വച്ച്, കുശല രൂപേണ അന്വേഷിച്ചു:
"ഡാ.. നിന്റെ വീട് പാലക്കാട് അല്ലെ? അവിടെ വരെ പോയി വരാന്‍ എത്ര ഉര്‍പ്പിക ചിലവാകും???"
പാവം എല്‍ജോ, ജനിക്കുന്നതിനു മുന്‍പ് മുതലേ നിഷ്കളങ്കനായിരുന്ന എല്‍ജോ, ചുപ്പന്‍ ചോദിക്കുന്നത് തന്റെ വീട്ടിലേക്കുള്ള യാത്രാ ക്ലെശത്തെ കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചു തന്റെ വീടുവരെ പോകാനുള്ള കണക്കു പറഞ്ഞു:
"ഒരു 60-70 ഉര്‍പ്പിക ഒരു വശത്തേക്ക് ചിലവാകും ഡാ."
തന്റെ കമ്പനിയുടെ രഹസ്യം ചോരാതെ തന്നെ ദൂരവും ഉര്‍പ്പികയുടെ കണക്കും മനസിലാക്കിയ നിര്‍വൃതിയില്‍ ചുപ്പന്‍ കുറച്ചു നേരം കൂടി എല്‍ജോയോട് കുശലം അന്വേഷിച്ചു അവിടെ നിന്നും വിട വാങ്ങി.
തുടര്‍ന്ന് ചുപ്പനും ചൊളയും കൂടി പാലക്കാട് തങ്ങള്‍ കണ്ടു പിടിച്ചു വച്ചിരിക്കുന്ന കമ്പനിയിലേക്ക് പോകാനായി KSRTC ബസ്സില്‍ കയറി. പ്ലാനിങ്ങില്‍ എന്നെന്നും മുന്‍പില്‍ നില്‍ക്കുന്ന ചുപ്പന്‍ അവിടെയും വന്‍ പ്ലാനിംഗ് നടത്തി. അതിപ്രകാരമായിരുന്നു: 'അങ്ങോട്ട്‌ പോകുമ്പോള്‍ ചുപ്പന്‍ ടിക്കെറ്റ് എടുക്കും. തിരിച്ചു വരുമ്പോള്‍ ചോള എടുക്കണം.' സമ്മതിച്ചു!! അതിനു ശേഷം അവര്‍ യാത്ര ആരംഭിച്ചു.
കണ്ടക്ടര്‍ വന്നു. ടിക്കറ്റ്‌ എടുക്കേണ്ടത് ചുപ്പന്‍. എല്‍ജോയോടു ചോദിച്ചു മനസിലാക്കി തന്റെ മനസിന്റെ ഒരു കോണില്‍ എഴുതിയിട്ട ആ കണക്കുകള്‍ മിന്നല്‍ പോലെ തലച്ചോറില്‍ എത്തി അവിടെ നിന്നും വാക്കായും അംഗ വിക്ഷേപങ്ങളായും അനര്‍ഗ നിര്‍ഗളം പുറത്തേക്കു പ്രവഹിച്ചു. പക്ഷെ ചുപ്പന്റെ തലച്ചോറില്‍ എവിടെയോ വച്ച് എന്തോ പ്രശ്നം പറ്റി. കാരണം, നേരത്തെ അവിടെ സ്ഥാനമുറപ്പിച്ച ആ മാരക നമ്പര്‍ ഇപ്പോള്‍ എടുക്കേണ്ട ടിക്കെറ്റിന്റെ എണ്ണമായ രണ്ടുമായി തലച്ചോറിന്റെ ഏതോ കോണിലോ, വന്നുകൊണ്ടിരുന്ന വഴിയിലോ, എവിടെയോ വച്ച്  ഒന്ന് ഉരസി. ഇതിന്റെ ഫലമായി 'രണ്ടു പാലക്കാട്' എന്നത് വാക്കായി വന്നതിന്റെ പുറകെ അംഗ വിക്ഷേപമായി ആ മാരക നമ്പര്‍ 'നാല് ' എത്തിച്ചേര്‍ന്നു, ചുപ്പന്‍ പോലുമറിയാതെ ചുപ്പന്റെ വിരല്‍തുമ്പില്‍!!
ഉയര്‍ന്നിരിക്കുന്ന നാല് വിരലുകളും ഒപ്പം പാലക്കാടെന്ന സ്ഥലപ്പേരും കൂട്ടിചേര്‍ത്ത്  കണ്ടക്ടര്‍ ഒരു നാല് പാലക്കാട് ടിക്കെറ്റ് അടിച്ചു ചുപ്പന്റെ കയ്യില്‍ കൊടുത്തു. ഏകദേശം 150/- രൂപയോളം വാങ്ങി. എല്‍ജോ പറഞ്ഞ കണക്കനുസരിച്ച് എല്ലാം കിറുകൃത്യം. അങ്ങനെ ടിക്കെറ്റ് പോലും തുറന്നു നോക്കാതെ, പറ്റിയ അബദ്ധം മനസിലാക്കാതെ അങ്ങോടുള്ള യാത്ര ശുഭമായി പര്യവസാനിപ്പിച്ചു. അവിടെ കമ്പനിയില്‍ ചെന്ന് എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി സാന്‍ക്ഷന്‍ ലെറ്ററും വാങ്ങി തിരിച്ചു വണ്ടി കയറി.
ഇനി ടിക്കെറ്റ് എടുക്കാന്‍ പ്ലാനിംഗ് അനുസരിച്ച് ചൊളയുടെ  ഊഴം. ആക്ഷന്‍ സോന്‍ഗ്സില്‍ പങ്കെട്ക്കുന്ന ശീലം പണ്ട് മുതലേ ഇല്ലാത്തതിനാല്‍ ചൊള പറഞ്ഞത് കറക്റ്റ് ആയി കണ്ടക്ടര്‍ക്ക് മനസിലായി. രണ്ടു ടികെറ്റിനു 70/- രൂപയോളം മാത്രം. കണ്ടക്ടര്‍ ടിക്കെറ്റ് അടിച്ചു ചൊളയുടെ കയ്യില്‍ കൊടുത്തപ്പോള്‍ ചുപ്പന്റെ മുഖത് ഒരു അവിസ്മരണീയ ഭാവം പൊട്ടിവിരിഞ്ഞു. ഒരല്പനേരം അത് നിശ്ചലം അവിടെ തന്നെ നിന്നു.
ഞങ്ങള്‍ അത് ഒരു സ്റ്റില്‍ ഫോട്ടോ ആക്കി ഫ്രെയിം ചെയ്ത് കലാമണ്ഡലത്തിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. പക്ഷെ കൊല്ലം ഒന്നൊന്നര കഴിഞ്ഞിട്ടും അവര്‍ക്ക് ആ ഭാവം നിലവിലുള്ള നവരസങ്ങളില്‍ ഏതിന്റെ താഴെ ചേര്‍ക്കണം എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ!! നിലവിലുള്ള നവരസങ്ങളുടെ കൂടെ ദശ രസമായി ഇത് തുന്നിചേര്‍ക്കാന്‍ അവര്‍ക്ക് ആലോചനയുണ്ടെന്നാണ്  അവിടെയുള്ള ഞങ്ങളുടെ വിശ്വസിക്കാന്‍ കഴിയാവുന്ന വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്.
ഏതായാലും ഈ സംഭവത്തിനു ശേഷം രണ്ടിന്റെയോ നാലിന്റെയോ കണക്കു വന്നാല്‍, ചുപ്പന്‍ അല്‍പനേരം നിന്നും ഇരുന്നും കിടന്നും ആലോചിക്കാറുണ്ട്. പറയണോ അതോ കാണിക്കണോ എന്ന്.
(അവസാനിക്കുന്നില്ല...)

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍ജൂലൈ 19, 2011 4:35 PM

    SANUP

    ................ormipikalle anne aa karyam ennode secret aane enne paraje chola parajapole njan chiriche marichatha...............


    entho chuppande baghyam konde aa secret famous comedy aayi!!!!!!!!!!!!!1

    മറുപടിഇല്ലാതാക്കൂ
  2. midun supper da..... really nic 1................ entea huppaa entha ethokkea.... "4 palakkadu.. "

    മറുപടിഇല്ലാതാക്കൂ
  3. Nice one....really njoyed it...keep on blogging ur experiences...expecting alot...

    മറുപടിഇല്ലാതാക്കൂ
  4. Chuppapuranam ennoru blog undaki ezhuthanpakathinu mandatharangal chuppante kaiyilundu. Avante koodeyundayirunna oro divasavum orthal thanne oru 10 janmathe ayussu kootanulla vakuppakum....

    മറുപടിഇല്ലാതാക്കൂ
  5. da midhu...nee avasanam ezutiyat valare sariyanu ketto..(അവസാനിക്കുന്നില്ല...)
    suppante palakadan verakatakal iniyum unnto...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..