ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]

ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ.

ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്.

ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..



ഇന്ന് വരും നാളെ വരും എന്ന് കരുതി കുറേ നാൾ ഞങ്ങൾ നോക്കിയിരുന്നു. നോ രക്ഷ..!! കഞ്ഞീം ചമ്മന്തീം, ചമ്മന്തിപ്പോടീം ചോറും, കഞ്ഞീം മുളക് ചമ്മന്തീം, മാങ്ങാ ചമ്മന്തീം പൊടിയരിക്കഞ്ഞീം തുടങ്ങി ഡിന്നറിന്റെ മെനു മാറ്റി മാറ്റി അവൻ പാചകം തുടർന്നു. അതാവഴി അങ്ങിനെ പോയി.

അങ്ങിനെ ഒട്ടും സംഭവബഹുലമല്ലാത്ത ഒരു സായാഹ്നം. പതിവു പോലെ മനോരമ ഓണ്‍ലൈൻ ന്യൂസ്‌ പോർട്ടലിൽ 5.30-ന്റെ അപ്ഡേറ്റ് വന്നു. സുനൈജിക്ക തമിഴിൽ മംഗളഗീതം പാടി അന്നത്തെ ചാറ്റ് അവസാനിപ്പിച്ചു. വെള്ളിയാഴ്ച്ചയായത്‌ കൊണ്ട് ജിതിൻ 6 മണിയാകുന്നതും കാത്ത് ബാഗും കെട്ടിയൊരുക്കി ഓടാൻ തയ്യാറായി ഇരുന്നു. 6 മണിയായി എന്നറിയിച്ചു കൊണ്ട് ഒരു മനുഷ്യ ട്രെയിൻ ഓഫീസിന്റെ വരാന്തയിലൂടെ കൂകിപ്പാഞ്ഞു കടന്നു പോയി. ചായക്കൊരു സ്പോണ്‍സറെ കിട്ടാൻ വിപിൻ നെട്ടോട്ടമോടി തുടങ്ങി. ശനിയാഴ്ചത്തെ ക്രിക്കറ്റ്‌ കളിക്ക് ഓരോ ടീമിലും 6 പേരെയെങ്കിലും വീതം അണിനിരത്താൻ ഫൈസണ്‍ ആളെ പിടിക്കാൻ ഇറങ്ങി. ക്രിക്കറ്റ്‌ കളിക്ക് വീട്ടിൽ ഇരുന്നു ഹോം വർക്ക്‌ നടത്തി പ്രാക്ടീസ് ചെയ്യാൻ അജിത്ത് ഓഫീസിൽ നിന്നും റൂമിലേക്ക് ഇറങ്ങിയോടി. എല്ലാം സർവ്വ സാധാരണം. എപ്പോഴും സംഭവിക്കാറുള്ള പോലെ ആ വെള്ളിയാഴ്ചയും രാത്രിയോടടുത്തുകൊണ്ടിരുന്നു.

BMC ചായക്കടയിൽ ചെന്ന് ചായയും കുടിച്ച് രണ്ടു ദിവസം മാത്രം പഴക്കമുള്ള ഉണ്ടമ്പൊരിയുമായി മൽപ്പിടുത്തം നടത്തി ഇരിക്കുമ്പോൾ വിപിനൊരു ബോധോദയം. "ഇന്ന് രാത്രി ഭക്ഷണം പുറത്തു നിന്ന് വേണ്ട.. വീട്ടിൽ തന്നെ ഉണ്ടാക്കാം."  ഉടൻ ക്രിക്കറ്റ്‌ കളി വായിച്ചു പഠിക്കാൻ റൂമിലേക്കോടിയ അജിത്തിനെ ഫോണിൽ വിളിച്ചു.

'ഹലോ...'
'ഹലോ........'
'ആ.. അജിത്തേ, ഇന്ന് ഫുഡ് വീട്ടിൽ ഇണ്ടാക്കിയാലോ...?'
'ഞാൻ ഒറ്റക്കോ... ഡാ ഇന്നലെ വൈകീട്ട് കടയിൽ പോകാൻ പറഞ്ഞപ്പോ കാലിൽ ഇണ്ടായ വേദന ദേ ഇപ്പൊ തലയിലേക്ക് മാറി ഡാ... ഒഹ്.. തലവേദന സഹിക്കാൻ പറ്റണില്ല ഡാ..'
'നീ ഒരു കാര്യം ചെയ്യ്‌.. അവിടെ പയർ ഇരിക്കണില്ലേ. അതെടുത്ത് വെള്ളത്തിൽ ഇട്ടോ. ബാക്കി ഞാൻ വന്നിട്ട് ശരിയാക്കിക്കോളാം.'
'മം.. എന്നാ ശരി.. ഓക്കേ...'

വീണ്ടും കുറെ നേരം കഴിഞ്ഞു. സമയം വൈകിക്കൊണ്ടിരിക്കുന്നതിനാൽ ഇനി വീട്ടിൽ ചെന്ന് ഫുഡ്‌ ഇണ്ടാക്കണ കാര്യം ഇച്ചിരി പാടാ. വിപിന് വീണ്ടും ബോധോദയം..!!

'ഹലോ..'
'എന്താടാ...'
'ഫുഡ് പുറത്തു നിന്നാക്കിയാലോ.. ഞാൻ വാങ്ങാൻ പോകാം.. നിനക്കെന്താ വാങ്ങണ്ടേ..?'
'എനിക്ക് ചപ്പാത്തീം മുട്ടക്കറീം'
'ഓക്കേ.. ശരി..'
'ശരി ഡാ..'

സമയം അങ്ങിനെ ഇഴഞ്ഞു നീങ്ങി. കുറേ നേരം അങ്ങിനെ ഇഴഞ്ഞിഴഞ്ഞ് കടന്നു പോയപ്പോൾ വിപിനും ഇഴഞ്ഞിഴഞ്ഞ് കടന്നു വന്നു. കയ്യിൽ ഒരു കവറും. പാർസൽ ഫ്രം അളകാപുരി. സ്വാദിഷ്ടമായ ചപ്പാത്തിയും മുട്ടക്കറീം.

അജിത്തിന്റെ കണ്ണ് വിടർന്നു. അങ്ങിനെ ഒരു ദിവസം കൂടി മേലനങ്ങാതെ ശാപ്പാട് മുൻപിലെത്തിയിരിക്കുന്നു. ദൈവം എത്ര വലിയവൻ. അജിത്ത് വേഗം ചെന്ന് പാത്രവും എടുത്ത് തിരികെ വന്നു. രണ്ടു പേരും വളരെ ശാന്തമായിരുന്ന് ചപ്പാത്തീം മുട്ടക്കറീം വെട്ടി വിഴുങ്ങി. ആ പരാക്രമം കണ്ട് മുട്ടക്കറിയിൽ കിടന്നു നീന്തിക്കളിച്ച കോഴിമുട്ട, താനൊരു കോഴിയായി ഇവർക്ക് മുന്നിലെത്താതിരുന്നതിൽ ദൈവത്തോട് നന്ദി ചൊല്ലി. ചൊല്ലി മുഴുമിപ്പിക്കുന്നതിനു മുൻപേ ആ കോഴി മുട്ട രണ്ടായി പിളർന്ന്‌ രണ്ട് പേരുടെയും ആക്രാന്തം ശമിപ്പിക്കാനുള്ള യാത്രയാരംഭിച്ചു.

അങ്ങിനെ എല്ലാം ശുഭം..!!

ഇല്ല..!! അവസാനിച്ചിട്ടില്ല..!!!

അജിത്തിനൊരു സംശയം. ഇത്ര നേരം അത് ചോദിച്ചാൽ പയറു കറി വെക്കാൻ കൂടേണ്ടി വരുമോ എന്ന് കരുതി ക്ഷമിച്ചിരുന്നു. ഇനിയുമത് ചോദിക്കാതിരിക്കാൻ അജിത്തിന്റെ മൗലീകത അനുവദിക്കുന്നില്ല. അജിത്ത് പരമാവധി നിഷ്കളങ്കത ശബ്ദത്തിൽ ചാലിച്ച്, അവസാനത്തെ ചപ്പാത്തിക്കഷ്ണം മുട്ടക്കറിയിൽ മുക്കിയെടുത്ത് ചുരുട്ടി വായിലേക്ക് തള്ളി വച്ചിട്ട് ചോദിച്ചു.

'എടാ.. ഇനി ആ വെള്ളത്തിലിട്ട പയറ് എന്താ ചെയ്യണ്ടേ...??' - ചോദ്യം ന്യായമാണേ...

ബെസ്റ്റ്..!!
'പയറ് വെള്ളത്തിലിട്ടിട്ടുണ്ടോ.. എന്നിട്ടെന്താ നീ ഇത്രേം നേരം അത് പറയാതിരുന്നെ.. ഇനി ഒരു കാര്യം ചെയ്യ്‌.. ആ പിന്നാമ്പുറത്ത് ഒരു വാര കുത്തി അതിൽ കൊണ്ടോയി ഇട്ടോ.. മുളച്ചു വരട്ടെ..'

പാവം അജിത്ത്.. വിപിൻ ആക്കിയതാണോ അതോ ശരിക്കും പയർ കൊണ്ടോയി വാര കുത്തിയിടാണോ എന്ന് പോലും മനസ്സിലാകാതെ കണ്ണും മിഴിച്ച് മേപ്പോട്ടും നോക്കി കുറച്ചു നേരം അങ്ങിനെ ഇരുന്നു. അജിത്ത് വീണ്ടും വീണ്ടും സ്വയം ചോദിച്ചുകൊണ്ടിരുന്നു...

'എന്നാലും ആ വെള്ളത്തിലിട്ട പയറ് ഇനി എന്താ ചെയ്യണ്ടേ..??'

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .