ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വ്രതമുണ്ടെങ്കിലെന്താ പഴം കഴിച്ചാല്‍?

കോളേജ് കാലം കഴിഞ്ഞതിന്റെ സന്തോഷങ്ങള്‍ക്കിടയിലും ഫ്രെണ്ട്ഷിപ്പിന്റെ നൊസ്റ്റാള്‍ജിയ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കാന്‍ തുടങ്ങിയ കാലം. ഔദ്യോകികമായ കൂടിച്ചേരലുകള്‍ക്കുള്ള (Alumni Day) അവസരം കോളേജിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ല എന്ന് അവിടെ പഠിച്ച ചേട്ടന്മാരും ചേച്ചിമാരും ഒക്കെ പറഞ്ഞു ഞങ്ങള്‍ക്കറിയാം. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും ഒന്നു കൂടിച്ചേരാനായി എന്നെ പോലെ സ്നേഹ സമ്പന്നരായ കൂട്ടുകാര്‍ കഷ്ട്ടപ്പെട്ടു ഒരു വിഷയമെങ്കിലും തോല്ക്കണേ എന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങിയിരുന്നു (ഏതായാലും തോറ്റു, ഇനി ഇപ്പൊ അതൊരു ക്രെഡിറ്റ്‌ ആക്കാം..). പിന്നെ എല്ലാരേം കാണാനുള്ള അവസരങ്ങള്‍ ഒരുക്കുന്നത്
കൂടെ പഠിച്ചവരുടെ കല്യാണ ദിനങ്ങളാണ്. ആണ്‍കുട്ടികള്‍ക്ക് ഏതായാലും ഇത്ര നേരത്തേ കല്യാണം കഴിക്കാന്‍ പറ്റാത്തതിനാല്‍ (അവര്‍ക്കാഗ്രഹമില്ലഞ്ഞിട്ടല്ല, വീട്ടുകാര്‍ സമ്മതിക്കണ്ടേ...) ആ ഉത്തരവാദിത്ത്വം സ്വാഭാവികമായും പെണ്‍കുട്ടികള്‍ക്കാണല്ലോ. മൂന്നു വര്‍ഷം ഒരേ ക്ലാസില്‍ ഒരുമിച്ചുണ്ടായിട്ടും ആ സമയത്ത് തീരുമാനിച്ചുറപ്പിച്ച കല്യാണങ്ങള്‍ പോലും അറിയിക്കാതെ (ഏതാണ്ട് ഒളിച്ചോടി കല്യാണം കഴിക്കുന്ന രീതിയില്‍...) ഞങ്ങള്‍ കൂട്ടുകാര്‍ക്ക് കൂടിച്ചേരലുകള്‍ക്കുള്ള അവസരം തരാത്തവരോടുള്ള അമര്‍ഷം ഞാനീ അവസരത്തില്‍ വളരെ ശക്ത്തമായി തന്നെ രേഖപ്പെടുത്തുന്നു (ഒരു വഴിക്ക് പോകുന്നതല്ലേ, ചുമ്മാ ഇരിക്കട്ടെ...). ഇത്തരക്കാര്‍ക്കിടയിലും ചെറിയ സൌഹൃദങ്ങള്‍ക്ക് പോലും വലിയ വില കല്പ്പിക്കുന്നവരുമുണ്ട്. അത്തരക്കാരാണല്ലോ വലിയ കൂട്ടൊന്നും ഇല്ലാത്തവരെ പോലും കുറച്ചു നാള്‍ ഒരുമിച്ചു ഒരേ ക്ലാസില്‍ പഠിച്ചു എന്നത് കൊണ്ട് മാത്രം, തങ്ങളുടെ കല്യാണത്തിന് ക്ഷണിച്ച്, ആ കുഞ്ഞു സൌഹൃദത്തിന് പുതിയ മാനങ്ങള്‍ തീര്‍ക്കുന്നത്.

ഇത്തരത്തില്‍ ക്ലാസിലെ കുറച്ചഥികം പേര്‍ക്ക് ക്ഷണം കിട്ടിയ, അല്പം വടക്കുള്ള ഒരു കുട്ടിയുടെ,  പൂജാ ഹോളിഡെയ്സിലെ ഒരു ദിവസം നടന്ന കല്യാണ ദിവസത്തെതാണ് ഈ ഓര്‍മ്മ...

എല്ലാ കല്യാണങ്ങള്‍ക്കും പോകുന്നത് പോലെ, കല്യാണത്തിനു പോകുന്നവര്‍ തമ്മില്‍ കൂടിയാലോചിച് കൊച്ചു കൊച്ചു കൂട്ടായ്മകളുണ്ടാക്കി വളരെ സന്തോഷപൂര്‍വ്വം ഞങ്ങള്‍ കല്യാണ പന്തലിലേക്ക് തിരിച്ചു. തൃശൂര്‍ പൂരത്തിന് മുന്‍പ് കുഞ്ഞു കുഞ്ഞു പൂരങ്ങള്‍ പൂരപ്പറമ്പില്‍ വന്നു നില്‍ക്കുന്നത് പോലെ, ചെറിയ ചെറിയ സുഹൃദ് വലയങ്ങള്‍ കല്യാണം നടക്കുന്ന പള്ളിയിലും ചുറ്റുവട്ടത്തുമായി അണിനിരന്നിരുന്നു. പിന്നെ എല്ലാരും ഒത്തു ചേര്‍ന്ന് അങ്ങോട്ടും ഇങ്ങോട്ടും കളി പറഞ്ഞും കമാന്റടിച്ചും സമയം പോകുന്നതറിയാതെ അവിടെ നിന്നു. ഞങളെ വിട്ടകന്ന ആ സമയത്തെ പറ്റി ഞങള്‍ തിരിച്ചറിഞ്ഞത് വയറ്റില്‍ നിന്നും "യാഹൂഊഊഊ...." എന്ന ടോണില്‍ വിളി വന്നപ്പോഴാണ്. പിന്നെ ഒട്ടും അമാന്തിച്ചില്ല, സാമാന്യം നല്ല തിക്കും തിരക്കുമുള്ള പന്തലിലേക്ക്, ഇരുന്നു ഭക്ഷണം കഴിക്കാന്‍ സ്ഥലമുണ്ടോ എന്നന്വേഷിക്കാന്‍ കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്തുക്കളെ പറഞ്ഞയച്ചു, ബാക്കിയുള്ളവര്‍ ഒരു മറുപടിയും കാത്ത് പുറത്തു തന്നെ നിന്നു. അവിടെ ചെന്ന മുരിങ്ങയും ബാക്കി ടീമും കൂടി ഒരു നാലഞ്ചു പേര്‍ക്കിരിക്കാവുന്ന ടേബിള്‍ ഒഴിപ്പിച്ച് ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ അകത്തു ചെന്നു. പാക്കരന്‍ ഞങ്ങളെ പ്രതിനിധീകരിച്ച് കല്യാണപ്പെണ്ണിനു ഗിഫ്റ്റും കൂടെ രണ്ടു പാക്കെറ്റ് പോപ്പിന്‍സും (പണ്ടു മുതലേ പോപ്പിന്‍സ്‌ ആണ് ഞങ്ങളുടെ കൂട്ടായ്മകള്‍ക്ക് മധുരം പകര്‍ന്നിരുന്നത്, തന്നെയുമല്ല വിലയും കുറവാണല്ലോ...) കൊടുത്തതിനു ശേഷം ഞങ്ങളെല്ലാം കൂടി ഫോട്ടോക്ക് പോസ് ചെയ്ത് വേദിയില്‍ തന്നെ നിന്നു.  ഇത് കണ്ടപ്പോള്‍, ഇവരാരട കല്യാണപ്പെണ്ണിനു പോപ്പിന്‍സ്‌ കൊടുക്കാന്‍ എന്ന മട്ടില്‍ പുതുമണവാളന്‍ ഞങ്ങളെയെല്ലാം ഒന്ന് ഇരുത്തിനോക്കി. തല്‍ക്ഷണം ഞങ്ങള്‍ ഫോട്ടോക്കുള്ള പോസ്സിംഗ് മതിയാക്കി കര്‍ത്തവ്യ സാക്ഷാത്കാരത്തിനായി തീന്‍ മേശക്കരികിലേക്ക് നീങ്ങി.

അവിടെയെല്ലാം നാല് പേര്‍ക്കിരിക്കാവുന്ന വട്ടമേശകളാണ് നിരത്തിയിരുന്നത്. ഒന്ന് പരിശ്രമിച്ചാല്‍ പരമാവധി ആറേഴു പേര്‍ക്കിരിക്കാം. ഞങ്ങള്‍ ഒരു പത്തു-പതിനൊന്നു പേരുണ്ട്. എല്ലാരും കൂടി ഒരുമിച്ചിരുന്നു കത്തിവച്ച് ('Knife' അല്ലാട്ടോ...) ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണല്ലോ. അതുകൊണ്ട് പഴമെന്നു വിളിക്കുന്ന പരമനും, പാക്കരനും കൂടെ അവിടവിടെ കിടന്ന കസേരകള്‍ എല്ലാം പെറുക്കിയെടുത്തു കൊണ്ട് വന്ന് മേശക്കു ചുറ്റും നിരത്തി എല്ലാര്‍ക്കും ഒരുമിച്ചിരിക്കാനുള്ള രീതിയിലാക്കി. പിന്നെ എല്ലാരും കൂടി ഒരുവിധത്തില്‍ ആ മേശക്കു ചുറ്റും തന്നെ ഇരുന്നു. മുരിങ്ങയുടെ അടുത്തിരുന്ന ആര്‍ച്ചയുടെ വലതു വശത്ത്‌ പഴവും പിന്നെ ഞാനും ശേഷം നമ്മുടെ യാഹുവും പിന്നെ പാക്കരനും അതിനും അപ്പുറത്ത് ച്ചുപ്പനും ബാക്കിയുള്ളവരും ഇരുന്നു.

ഞങ്ങള്‍ വര്‍ത്തമാനത്തിനൊപ്പം ഭക്ഷണത്തിലെക്കും കടന്നു. ഈ കല്യാണം നടന്നത് പൂജാ ഹോളിഡെയ്സില്‍ ഒരു ദിവസം ആയിരുന്നെന്നു മുന്‍പേ പറഞ്ഞുവല്ലോ. അതിനാല്‍ തന്നെ ഞങ്ങളില്‍ ചിലര്‍ വ്രതത്തിലുമായിരുന്നു. അവിടെ നിരത്തി വച്ച നോണ്‍-വെജ് വിഭവങ്ങള്‍ കണ്ട് വ്രതത്തിലുള്ള പഴത്തിനും പാക്കരനും സങ്കടമായി. അവര്‍ രണ്ടു പേരും ഇതൊന്നും ഇന്ന് തങ്ങള്‍ക്ക് കഴിക്കാന്‍ പാടില്ലെന്ന സങ്കടം ആദ്യമേ ബാക്കിയുള്ളവരെ അറിയിച്ചു. അതുകേട്ട യാഹു പാക്കരനെ ഒന്നാക്കിക്കൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു, "പാക്കരന്റെ വ്രതം കാര്യമാക്കണ്ട, ഒന്ന് നിര്‍ബന്ധിച്ചാല്‍ ചിലപ്പോ അവന്‍ നോണ്‍-വെജ്  കഴിച്ചേക്കും, പക്ഷെ പഴം അങ്ങനൊന്നും കഴിക്കില്ല..." ആ ആക്കലില്‍ പങ്കു ചേര്‍ന്ന് ചിരിച്ചു കൊണ്ടിരുന്ന ഞങ്ങളോടെല്ലാവരോടുമായി പഴമെന്നത് പരമന്റെ ഒമാനപ്പെരാണെന്ന വിവരം വേഗത്തില്‍ കത്താതിരുന്ന ആര്‍ച്ചക്കുട്ടി പരമാവധി നിഷ്ക്കളങ്കതയോടെ ചോദിച്ചു: "വ്രതമുണ്ടെങ്കിലെന്താ പഴം കഴിച്ചാല്‍? വ്രതം നോക്കുമ്പോള്‍ പഴം കഴിക്കാന്‍ പാടില്ലേ?". പിന്നെ നടന്ന പൊട്ടിച്ചിരിക്കിടയില്‍ തനിക്കു പറ്റിയ അമളി തിരിച്ചറിഞ്ഞ ആ മുഖത്തും ഒരു ചിരി വിടര്‍ന്നു. നിഷ്ക്കളങ്കതയുടെ ഒരു കുഞ്ഞു ചിരി.....

(ഓര്‍മ്മകള്‍ മരിക്കുന്നില്ല...)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .