ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചിരിക്കുന്ന ഏപ്രില്‍ 23


മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നത് പോലെ, ഡിഗ്രീ പഠനത്തോടൊപ്പം കിട്ടിയ ഒരു ബോണസ് ആണ് സപ്ലിമെന്‍ററി പരീക്ഷകളും. ഇതിനെ ബാക്ക് പേപ്പര്‍ എന്നൊക്കെ വിളിക്കാമെങ്കിലും, ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും നടക്കുന്ന ഈ പരീക്ഷകളാണ് തമ്മിലുള്ള കൂടിച്ചേരലുകളുടെ അവസരം. ഒരുമാതിരി എല്ലാവര്‍ക്കും കോളേജ് പഠനം കഴിഞ്ഞതിനു ശേഷവും ഒരു ഒന്നു രണ്ടു വര്‍ഷമെങ്കിലും കൂടിച്ചേരനുള്ള അവസരം ഈ സപ്ലിമെന്‍ററി പരീക്ഷകള്‍ കാരണം ലഭിക്കാറുണ്ട്. 2010-ലെ ഏപ്രില്‍/മെയ് മാസങ്ങളില്‍ നടന്ന മൂന്നാം വര്‍ഷ പരീക്ഷയോടെ അങ്ങനെ ഞാനും കോളേജിന് പുറത്തായി. സ്വാഭാവികമായും ഞാന്‍ തോറ്റത്തിനാല്‍
തൊട്ടടുത്ത വര്‍ഷം എനിക്കു പരീക്ഷ എഴുതേണ്ടതായി വന്നു. അതിനു വേണ്ടിയുള്ള ഹാള്‍ ടിക്കറ്റ് വിതരണവും, മറ്റ് ആചാര അനുഷ്ഠാനങ്ങളും കോളേജില്‍ നടക്കുന്നുണ്ടെന്നറിഞ്ഞു അത് വാങ്ങാനായി എല്ലാരും കൂടെ ഒരു സമയവും തിരഞ്ഞെടുത്ത് കോളേജിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു.


ഏപ്രില്‍ 23 -ആ ദിവസം

എന്തു പരിപാടിയായാലും ഒരല്‍പ്പം നേരത്തെ ചെല്ലുക എന്നത് എന്‍റെ ദുസ്വഭാവമായിരുന്നതിനാല്‍ ആ ദിവസവും ഞാന്‍ കുറച്ചധികം നേരത്തെ കോളേജില്‍ എത്തി. കോളേജിലെ മൂന്നു വര്‍ഷ പഠനം കഴിഞ്ഞു പറഞ്ഞു വിട്ട ഒരു വിദ്യാര്‍ത്ഥി, ഹാള്‍ ടിക്കറ്റ് വാങ്ങാനാണെങ്കിലും ശരി മറ്റെന്തിനാണെങ്കിലും ശരി, ഇത്ര നേരത്തെ(5-10 മിനുറ്റ്) കോളേജില്‍ വന്നത് ഏതോ മഹാബാരാധമാണെന്ന മട്ടില്‍, സമയത്തിന്റെയും മറ്റ് നിയമാവലികളുടെയും കാര്യത്തില്‍ ഭീകരമായ കണിശത പുലര്‍ത്തുന്ന കോളേജിലെ പൂണ്‍ ചേച്ചിമാര്‍, ഇറാക്ക് അഭയാര്‍ത്തികളെ തടയുന്ന അമേരിക്കന്‍ പട്ടാളക്കാരെ പോലെ എന്നെ ആ കോണിച്ചുവടില്‍ തടഞ്ഞു നിര്‍ത്തി. കുറച്ചു കഴിഞ്ഞു "വേണമെങ്കില്‍ ആ ലൈബ്രറിയില്‍ കയറി ഇരുന്നോ" എന്നു പറഞ്ഞപ്പോ ഒരല്‍പ്പം ആശ്വാസമായി.. കൂട്ടുകാര്‍ വരുന്നതും കാത്ത് ഞാന്‍ അവിടെ പഴയ പുസ്തക നിരയെയും എണ്ണി നടന്നു. മൂന്നു വര്‍ഷം പഠിച്ചു കഴിഞ്ഞു കോളേജില്‍ നിന്നും പുറത്തിറങ്ങിയിട്ടും ഇനിയും കിട്ടാത്ത സ്റ്റഡി മെറ്റീരിയല്‍സ് ലൈബ്രറിയില്‍ അവിടവിടെ ഇരിക്കുന്നതു കണ്ട്, അത് വല്ലതും കിട്ടാന്‍ വല്ല ചാന്‍സ് ഉണ്ടോ എന്നന്വേഷിച്ചിരിക്കവേ കൂട്ടുകാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി.

അങ്ങിനെ പഴവും പാക്കരനും ഞാനും കൂടി ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ മുകളിലെ സ്റ്റാഫ് റൂമിലേക്ക് കയറിപ്പോയി.. അവിടെ കണ്ട ടീച്ചേര്‍മാരോടു കുറച്ചു കൊച്ചു വര്‍ത്തമാനവും പറഞ്ഞു ബാക്കിയുള്ള കൂട്ടുക്കാരെ കാത്തിരിക്കാനായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. പോകുന്ന വഴിയില്‍, സ്റ്റാഫ് റൂമിന്‍റെ വാതില്‍ക്കല്‍ ഞാന്‍ കണ്ടു, വളരെ നല്ല രീതിയില്‍ എന്നെ നോക്കി പുഞ്ചിരി വാരി തൂകുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടി. ഇനി ആ ചിരിക്കുന്നത് എന്‍റെ പുറകില്‍ നില്ക്കുന്ന വല്ലവരെയും നോക്കിയാണോ എന്നറിയാന്‍ ഞാന്‍ ഒരു വട്ടം ഒന്നു ചുറ്റി കറങ്ങി നോക്കി. ഇല്ല. അവിടെയെങ്ങും ആ ചിരി സ്വീകരിക്കാന്‍ പാകത്തില്‍ ആരും തന്നെ ഇല്ല. ഇതാരാട ഇവള്‍ എന്ന മട്ടില്‍ ഒന്നു നോക്കി ഞാന്‍ കൂട്ടുകാരോടൊപ്പം ആ കുട്ടിയെ കടന്നു പോയി, എന്‍റെ മുഖത്തും ഒരു ചെറു ചിരി വരുത്താന്‍ ഞാന്‍ ശ്രമിച്ചു.

കൊച്ചു കുട്ടികള്‍ സ്റ്റാച്ചു പറഞ്ഞു കളിക്കുന്ന പൊസ്സില്‍ എല്ലാരും പിന്‍ഡ്രോപ് സൈലെന്‍സ് കാത്തു സൂക്ഷിക്കുന്ന, പുണ്യ പരിപാവനമായ മഹത്ഗ്രന്ഥങ്ങള്‍ നിരനിരയായി വച്ചിരിക്കുന്ന ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്ക് ഞാന്‍ വീണ്ടും കയറി. ആ ചിരിച്ചു കൊണ്ടിരുന്ന മുഖം ആരുടെയാണെന്നറിയാന്‍ ഞാന്‍ കുറച്ചധികം ശ്രമിച്ചു. പക്ഷേ മൂന്നു വര്‍ഷത്തെ കോളേജ് വാസത്തില്‍ ഒരിക്കല്‍ പോലും ഈ മുഖം എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. , അതാരെങ്കിലും ആയിക്കോട്ടെ, നമ്മുടെ വല്ല ആരാധികമാരുമായിരിക്കും(ചുമ്മാ ഇരിക്കട്ടെ) എന്നു കരുതി ഞാന്‍ അവിടെ പേനയുടെ ടോപ്പ് അടച്ചും തുറന്നും ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞുണ്ണി കോളേജില്‍ എത്തിയെന്നും പറഞ്ഞ് എന്നെ ഫോണ്‍ വിളിച്ചു. അവളുടെ ഹാള്‍ ടിക്കറ്റ് വാങ്ങാനായി ഞങ്ങള്‍ വീണ്ടും മുകളിലെ സ്റ്റാഫ് റൂമിനരികിലേക്ക് പോയി. ആ പുഞ്ചിരി തൂകുന്ന മുഖത്തെ ഞാന്‍ വീണ്ടും സ്റ്റാഫ് റൂമിന്‍ വാതില്‍ക്കല്‍ പ്രതീക്ഷിച്ചു. ദാണ്ടെടാ, ലവള്‍ വീണ്ടും ലവിടെത്തന്നെ, ലതേ പൊസ്സില്‍...... ഇത്തവണ എന്‍റെ ഭാഗത്ത് നിന്നും ചിരിക്ക് ഒരു പിശുക്കും ഞാന്‍ കാണിച്ചില്ല. ഹാള്‍ ടിക്കറ്റ് വാങ്ങിയ ശേഷം ഞങ്ങള്‍ താഴേക്ക് പോകവേ ചിരി തൂകുന്ന ആ മുഖം അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു.

പിന്നെ എല്ലാരും കൂടെ കോളേജിന് പുറത്തേക്ക് പോകാനായി ഗേറ്റിനടുത്തേക്ക് നടന്നു. ഇത്തവണയും ഇടക്കണ്ണിട്ട് മുകളിലേക്ക് നോക്കിയപ്പോ അതേ ചിരിയും ചിരിച്ചു അവള്‍ വീണ്ടും അവിടെ തന്നെ നില്ക്കുന്നു. ഇത് കൂടിയായപ്പോ ഇത് ചിരിയോന്നും ആയിരിക്കില്ലെന്നും, ആ മുഖത്തിന്റെ ഷേപ്പ് അങ്ങിനെയായിരിക്കുമെന്നും എനിക്കു തോന്നിപ്പോയി! അന്ന് വൈകീട്ട് ഈ ഓമനത്ത്വം തുളുംബുന്ന മുഖത്തെയും അവിടെ വിരിഞ്ഞ ആ ചിരിയെയും പറ്റി എന്‍റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിടാനും ഞാന്‍ മറന്നില്ല...


ജൂണ്‍ 19 -ചിരിയുടെ ആ മുഖം

ജൂണ്‍ 19-നായിരുന്നു ഞങ്ങള്‍ പ്ലസ്-ടു ക്ലാസ്മേറ്റ്സ് ഒരുമിച്ച് കൂടാന്‍ തീരുമാനിച്ചത്, ആ പഴയ സ്കൂള്‍ മുറ്റത്ത് തന്നെ. ഫേസ്ബുക്കിലൂടെ കുറച്ചു പേര്‍ മാത്രം ചേര്‍ന്ന് ക്രമീകരിച്ച ഒരു കൂടിച്ചേരല്‍ ആയതുകൊണ്ടാകണം വളരെ കുറച്ചു പേരെ എത്തിയിരുന്നുള്ളൂ. വന്ന എല്ലാവരും അവരവരുടെ ഇപ്പോളത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ശ്രീ അറിവാമ്മ ഒരു ഓര്‍മ്മപ്പെടുത്തലെന്നോണം പറഞ്ഞു: "അന്ന് നിന്‍റെ കോളേജില്‍ വച്ച് കണ്ടിട്ട് നിനക്കെന്നെ മനസിലായില്ല അല്ലേ...". അതേതു ദിവസം എന്നാലോചിച്ചു നിന്ന എന്നോടു അവള്‍ എല്ലാം വളരെ വ്യക്തമായി പറഞ്ഞപ്പോള്‍, ഏപ്രില്‍ 23ലെ ആ ഡയറിത്താളിലേക്ക് എന്‍റെ മനസ്സ് ഓടിച്ചെന്ന് സഡന്‍ ബ്രേക്കിട്ട് നിന്നു. ചമ്മലൊതുക്കാനായി അവളോടു എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഒരു ചിരിയുടെ ഉടമയെ തേടിയുള്ള മനസ്സിന്‍റെ പരക്കം പാച്ചിലിന് അങ്ങനെ പര്യവസാനമായി.

അങ്ങനെ, ഒന്നു രണ്ടു ദിവസത്തേക്ക് മനസ്സിനെ തരള പുളകിതമാക്കിയ ആ ചിരിയെ, മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന പഴയകാല സൌഹൃദങ്ങളുടെ പൊടി പിടിച്ച ഓര്‍മ്മകളിലേക്ക് തള്ളി മാറ്റിയിട്ട്, എല്ലാവരോടും റ്റാറ്റ പറഞ്ഞ്, റീ-യൂണിയന്‍ അവസാനിപ്പിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി.

റീ-യൂണിയന്‍, ജൂണ്‍ 19, എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് പാലിശ്ശേരി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..