ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാളവിക


ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ് ഈ അര്‍ദ്ധരാത്രി അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

അവളുടെ ചിന്തകള്‍ക്ക് മുറിവേല്‍പ്പിച്ചുകൊണ്ട് വീണ്ടും ആ നിലവിളി ശബ്ദം ഉയര്‍ന്നു. ഇത്ര നേരം അവള്‍ക്കരികില്‍ ഉണ്ടായിരുന്ന ആ പ്ലാറ്റ്ഫോമും അതില്‍ അലസരായി നിന്നിരുന്ന മനുഷ്യരും പുറകിലേക്ക് ഓടിത്തുടങ്ങി; അതേപടി നിശ്ചലരായിക്കൊണ്ട് തന്നെ. തണുത്തുറഞ്ഞ മഞ്ഞു കാറ്റ് തുറന്നിട്ട ജാലക വാതിലിലൂടെ വീണ്ടും അരിച്ചിറങ്ങി വന്ന് അവളെ കുത്തി നോവിപ്പിക്കാന്‍ തുടങ്ങി. ആ ജനാല്‍ വാതില്‍ താഴ്ത്തിയിട്ട് അവള്‍ ആ തണുത്ത കാറ്റിനു തട കെട്ടി. തനിക്കായി ഒഴിഞ്ഞു കിടക്കുന്ന ബെര്‍ത്തില്‍ അവള്‍ കിടന്നു. ഓടുന്ന ട്രെയിനിലെ താളാത്മകമായ കുലുക്കത്തിന്റെ താരാട്ടില്‍ ലയിച്ച് അവള്‍ വീണ്ടും നിദ്രയെ പുണര്‍ന്നു.

ഇവള്‍ മാളവിക (മാളൂട്ടി).
ഈ കഥയിലെ നായിക; അഥവാ ഈ കഥ ഇവളുടെതാണ്.

കാവുകളും കുളങ്ങളും ചാരുത ചാര്‍ത്തുന്ന ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്. പച്ചപുതച്ചു കിടക്കുന്ന വയലോലകളും, പുഴവക്കിലെ മണലാരണ്യങ്ങളിലും അവള്‍ ബാല്യകാലം ചിലവിട്ടു. ഈശ്വരന്‍ സ്വന്തം കൈകൊണ്ട് വരച്ചിട്ട ചിത്രം പോലെ സുന്ദരമായിരുന്നു അവളുടെ നാട്. അവിടെ ജീവിച്ചിരുന്നത് വളരെ നിഷ്ക്കളങ്കരായ ആളുകളും.

വീട്ടില്‍ അമ്മയറിയാതെ താന്‍ കൂട്ടി വക്കുന്ന 10 പൈസാ നാണയങ്ങള്‍ കൊണ്ട്  സ്കൂള്‍ വിട്ടു വരും വഴി കൂട്ടുകാര്‍ക്കൊത്ത് മിഠായി വാങ്ങി കഴിക്കുന്നതായിരുന്നു അവള്‍ ചെയ്തിരുന്ന എറ്റവും വലിയ കള്ളത്തരം. അല്ലെങ്കില്‍, അതിലും വലിയ കള്ളത്തരങ്ങളെ പറ്റിയോ കബളിപ്പിക്കലുകളെ പറ്റിയോ അവള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നും പറയാം. അങ്ങിനെ വലിയ വലിയ കള്ളത്തരങ്ങള്‍ ഒന്നും അറിയാതെ അവള്‍ ആ ഗ്രാമത്തില്‍ വളര്‍ന്നു; വളരെയധികം നിഷ്ക്കളങ്കയായ ഒരു പാവം പെണ്‍കുട്ടിയായി.

അച്ഛന്‍റെ ഉദ്യോഗ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അവള്‍ക്കും കുടുംബത്തിനും ആ കൊച്ചു നാടിനെ ഉപേക്ഷിക്കേണ്ടി വന്നത്. സ്വച്ഛ സുന്ദരമായ ആ കൊച്ചു ഗ്രാമത്തില്‍ നിന്നും അവള്‍ പറിച്ചു നടപ്പെട്ടത് അതിവേഗത്തില്‍ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പട്ടണത്തിന്‍റെ തിരക്കൊഴിഞ്ഞ ഭാഗത്തെക്കായിരുന്നു. അങ്ങിനെ അവളുടെ ഡിഗ്രി പഠനം ആ പട്ടണത്തിലെ ഒരു പ്രമുഖ കലാലയത്തിലായി.

ഒരു കൊച്ചു ഗ്രാമത്തിന്‍റെ സ്നേഹപരിലാളനങ്ങളേറ്റു വളര്‍ന്ന അവള്‍ക്കു താന്‍ ചെന്നുപെട്ട ആ പുതിയ ലോകത്തെ ഒട്ടും തന്നെ മനസ്സിലായില്ല. നാടോടുന്നതിനും മുന്‍പേ ഓടിക്കൊണ്ടിരിക്കുന്ന കുറെ ആളുകള്‍. ഒരു കൂരക്കു കീഴില്‍ കഴിഞ്ഞിട്ടുപോലും തമ്മില്‍ തമ്മില്‍ അറിയാത്തവര്‍. എങ്ങും എവിടേയും കനിവിന്‍റെ മുഖംമൂടിയണിഞ്ഞ സ്വാര്‍ത്ഥരായ മനുഷ്യര്‍. ഇവരില്‍ നല്ലവരാര്, കെട്ടവരാര്? ഒന്നിനും ഉത്തരമില്ല.

ഈ ഉത്തരമില്ലായ്മകളില്‍ അവളെ സഹായിക്കാന്‍, പുതിയ ലോകത്തിലെ പുതിയ ഇടങ്ങള്‍ അവള്‍ക്കു കാണിച്ചു കൊടുക്കാന്‍, പുതിയ നാട്ടില്‍ കൂട്ടുകാരൊന്നും ഇല്ലാതെ വിഷമിക്കുന്ന അവള്‍ക്കു സൌഹൃദത്തിന്‍റെ തണലേകാന്‍ ഒരാള്‍ വന്നിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. അവളുടെ ആഗ്രഹം അറിഞ്ഞിട്ടെന്നവണ്ണം, തൊട്ടടുത്ത ദിവസം നടന്ന ഒരു ബന്ധുവിന്‍റെ കുട്ടിയുടെ പിറന്നാള്‍  ആഘോഷത്തിനിടയില്‍ വച്ച് അവളുടെ അച്ഛന്‍ അവള്‍ക്കു ഒരു പുതിയ സുഹൃത്തിനെ സമ്മാനിച്ചു. അച്ഛന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുടെ മകന്‍. ഈ പട്ടണത്തില്‍ തന്നെ ജനിച്ചു വളര്‍ന്നവന്‍.

അവനാണ് റെജി; റെജി വര്‍ഗീസ്‌.

ഈ പുതിയ ലോകത്തില്‍ അവള്‍ക്ക് കൂടെ നടക്കേണ്ട സുഹൃത്ത്. അവന്‍ പഠിക്കുന്നതും അവളുടെ കോളേജില്‍ തന്നെ. അവളുടെ അതെ ക്ലാസ്സിലും.

അങ്ങിനെ അവര്‍ സുഹൃത്തുക്കളായി. റെജിയുടെ കൂടെയായിരുന്നു അവള്‍ കോളേജില്‍ പോയി വന്നിരുന്നത്. കോളേജില്‍ വച്ചും എപ്പോഴും ഒരുമിച്ച്. അവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാതെ ആ സൌഹൃദം വളര്‍ന്നുകൊണ്ടിരുന്നു. ഒരു സൌഹൃദം എന്ന നിലയില്‍ നിന്നും വീണ്ടും ഉയരങ്ങളിലേക്ക്. തങ്ങളുടെ സൌഹൃദം പ്രണയത്തിനു വഴിമാറി എന്ന് മനസ്സിലാക്കിയപ്പോഴേക്കും അവര്‍ വളരെയേറെ അടുത്തിരുന്നു. ഇനി ഒരിക്കലും പിരിയാനാകാത്ത രീതിയില്‍. ഈ പ്രണയം മൂലം മാളൂട്ടിക്ക് നഷ്ട്ടപ്പെട്ടത് അവളുടെ നിഷ്ക്കളങ്കതയായിരുന്നു. അവള്‍ അമ്മയോട് വലിയ വലിയ കള്ളങ്ങള്‍ പറയാന്‍ പഠിച്ചു.

കോളേജില്‍ പോകാതെ കറങ്ങിനടന്നും, സിനിമാ തിയേറ്ററുകളിലും ഐസ്ക്രീം പാര്‍ലറുകളിലും ചുറ്റിയടിച്ചും അവര്‍ പ്രണയത്തിന്‍റെ മധുരം നുകര്‍ന്നു. ഈ തിരക്കുള്ള നഗര വീഥികളില്‍ എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും പരിചിതമായ മുഖങ്ങള്‍ തങ്ങള്‍ക്കു മുന്‍പില്‍ എത്തിയേക്കാം എന്ന ചിന്തകള്‍ പോലും പ്രണയാതുരമായ ആ മനസ്സുകളെ തെല്ലും അലട്ടിയില്ല. പക്ഷേ അങ്ങിനെ ഒരു ദിവസം ഒട്ടും അകലെയായിരുന്നില്ല. അവരുടെ പ്രണയം വീട്ടുകാരറിഞ്ഞു. അത്രയും നാള്‍ നല്ല സൌഹൃദത്തില്‍ കഴിഞ്ഞിരുന്ന അവരുടെ കുടുംബങ്ങള്‍ പോര്‍ വിളികളുമായി വേര്‍പിരിഞ്ഞു. എന്നിട്ടും മാളവികയെ മാത്രം അച്ഛനും അമ്മയും വഴക്ക് പറഞ്ഞില്ല. അവര്‍ അവരുടെ ഒരേയൊരു മകളെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു. പക്ഷേ ആ സ്നേഹപ്രകടനങ്ങള്‍ അവളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. റെജിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ തരളിതമാക്കിക്കൊണ്ടിരുന്നു.

മറുവശത്ത് റെജി. അവന്‍ അപ്പച്ചന്‍റെ ഭീഷണികളിലും അമ്മച്ചിയുടെ ഉപദേശങ്ങളിലും കീഴ്പ്പെട്ട്‌ അവന്‍റെ മനസ്സിനെ ആ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു. അവളെ കാണാതിരിക്കാന്‍ അവന്‍ ആവുന്നത്ര ശ്രമിച്ചു. കാണ്ടുമുട്ടിയ അവസരങ്ങളില്‍ അവന്‍ അവള്‍ക്കു മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിനടന്നു. ഈ അവസരങ്ങളിലെല്ലാം അവന്‍ സ്വയം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്‍റെ പ്രിയ സുഹൃത്തിന്‍റെ നിസ്സഹായാവസ്ഥ മാളവികക്കും മനസ്സിലായി. അങ്ങിനെ അവളും അവനില്‍നിന്നകലാന്‍ തീരുമാനിച്ചു. തങ്ങളുടെ പ്രണയകാലത്തെ സുന്ദരമായ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളെ ഹൃദയത്തില്‍ കാത്തു സൂക്ഷിച്ച് അവര്‍ അന്ന്യോന്ന്യം അറിയാത്തവരെപ്പോലെ അകന്ന് ജീവിക്കാന്‍ പഠിച്ചു.

കാലചക്രം അതിവെഗമുരുളവേ വീണ്ടും മറ്റൊരു പറിച്ചു നടലിനായി അരങ്ങൊരുങ്ങി. ഇത്തവണ അച്ഛന് പോകേണ്ടത് ഉത്തരേന്ത്യയിലെ ഒരു പ്രധാന നഗരത്തിലെക്കായിരുന്നു. അവളുടെ ഒരു പരീക്ഷയൊഴികെ മറ്റെല്ലാം കഴിഞ്ഞിരുന്നതിനാല്‍ അച്ഛനും അമ്മയും മാളൂട്ടിയെയും കൂട്ടി വേഗം തന്നെ ഈ നാടുവിടാന്‍ ധൃതി കാണിച്ചു. ഈ വലിയ ദൂരത്തിനു അവളുടെ ഓര്‍മ്മകളെ നശിപ്പിക്കാന്‍ കഴിവുണ്ടായാലോ എന്നവര്‍ പ്രത്യാശിച്ചു.

പുതിയ നാട്ടിലെത്തിയപ്പോഴാണ് അവനെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയാണ് എന്ന തിരിച്ചറിവ് അവളെ അലട്ടിത്തുടങ്ങിയത്. അവസാനമായി അവനെ ഒരു നോക്ക് കാണാന്‍ അവളുടെ കണ്ണുകള്‍ കൊതിച്ചു. 'പരീക്ഷക്കായി ഒരിക്കല്‍ കൂടി നാട്ടിലേക്ക് വരും. അന്ന് അവസാനമായി തമ്മില്‍ കാണണം. എന്നെന്നേക്കുമായി പിരിയണം.' മാളവിക ആ ആഗ്രഹം റെജിയെ അറിയിച്ചു. അവളെക്കൂടാതെ അവനും തുടരാന്‍ കഴിയുമായിരുന്നില്ല. ആ വിളിക്കായി കാതോര്‍ത്തിരുന്ന അവന്‍ യാന്ത്രികമായെന്നോണം ആ ആഗ്രഹം അംഗീകരിച്ചു.

മാളവിക വീണ്ടും ആ നാട്ടില്‍ തിരിച്ചെത്തി. അവസാനമായി ഒരിക്കല്‍ കൂടി. പരീക്ഷയെഴുതാനാണ് വന്നതെങ്കിലും ഈശ്വരന്‍ അവള്‍ക്കു മുന്‍പില്‍ നിരത്തിവച്ച പരീക്ഷണങ്ങളെയായിരുന്നു അവള്‍ക്ക്‌ നേരിടെണ്ടിയിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ അവളെയും കാത്ത് റെജി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഒന്നുമില്ലായിരുന്നു. എന്നിട്ടും അവരുടെ മിഴികള്‍ വാചാലരായി. അവര്‍ എല്ലാം പറയാതെ പറഞ്ഞുകൊണ്ടിരുന്നു.

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പോരടിക്കുന്ന, സ്നേഹിക്കുന്ന മനസ്സുകളുടെ ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും യാതൊരു വിലയും നല്‍കാതെ, കാലഹരണപ്പെട്ട യാഥാസ്ഥിതിക ചിന്താഗതികള്‍ മുറുകെപ്പിടിക്കുന്ന ഈ ലോകത്ത്, മരിച്ച മനസ്സുമായി ബാക്കി ജീവിതം തള്ളിനീക്കുന്ന രണ്ടു മനുഷ്യ ശരീരങ്ങളായി നാമിനിയും ജീവിക്കണോ? ഇനി നമുക്ക് മുന്‍പില്‍ ബാക്കി നില്‍ക്കുന്ന ഈ ഒരു ദിവസത്തെ ജീവിതം നമ്മുടേത്‌ മാത്രമാക്കി മാറ്റിക്കൊണ്ട്, നമുക്ക് വിടപറഞ്ഞാലോ? നമ്മുടേത്‌ മാത്രമായ ഒരു ലോകത്തേക്ക്?

ഇതിനുത്തരമെന്നോണം അവന്‍ സാവകാശം തലയാട്ടി. തന്‍റെ മനസ്സ് വായിച്ചെടുത് ആ ആഗ്രഹത്തിന് സമ്മതം തന്ന ആ ഹൃദയത്തിലേക്ക് അവള്‍ തലചാച്ചു.

അവരുടേതായി അവര്‍ നിശ്ചയിച്ച ആ ഒരു ദിവസത്തിനു പതിവിലും വേഗത കൂടുതലായിരുന്നു. എന്തോ ചെയ്തു തീര്‍ക്കാനുണ്ടെന്ന പോലെ ആ ദിവസം വളരെ വേഗത്തില്‍ നീങ്ങിക്കൊണ്ടിരുന്നു. അന്നത്തെ സായാഹ്നം അവര്‍ ഒരുമിച്ചാസ്വദിച്ചു. അസ്തമയ സൂര്യന്‍ അങ്ങകലെ നീലക്കടലിന്‍റെ അനന്തതയിലേക്ക് ഊളിയെടുന്നതും കണ്ടു അവര്‍ ചിരിച്ചു. ഇനിയൊരു സൂര്യനെ അവര്‍ക്ക് കാണാന്‍ കഴിയില്ലല്ലോ എന്ന വിഷമം അവരെ ഒട്ടും അസ്വസ്തരാക്കിയില്ല. അവര്‍ തിരികെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവര്‍ക്ക് പോകാനുള്ള വണ്ടി പ്ലാറ്റ് ഫോമിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇനിയുമെന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ എന്ന് അവന്‍ അവളോട്‌ ചോദിച്ചു. അവളുടെ ജീവിതം ഒരു കഥയായി എഴുതി വക്കാമൊ എന്നവള്‍ തിരിച്ചു ചോദിച്ചു. അതിനും അവന്‍ തലയാട്ടി; എപ്പോഴത്തെയും പോലെ തന്നെ. അങ്ങിനെ അവരുടെ ആ യാത്ര ആരംഭിച്ചു.

അവളുടെ മുടിയിഴകള്‍ തഴുകി തഴുകി അവന്‍ അവളെ ഉറക്കി. നിദ്രയെ പുല്‍കി ശാന്തമായി കിടക്കുന്ന അവളെ നോക്കി അവന്‍ ആ കഥയെഴുതിത്തുടങ്ങി. അവളുടെ കഥ. മാളവികയുടെ കഥ. 


.......... ട്രെയിന്‍ അപ്പോള്‍ ഒരു പുഴയ്ക്കു കുറുകെ കെട്ടിയ പാലത്തിനു മുകളിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു. അവന്‍ മാളവികയെ വിളിച്ചുണര്‍ത്തി, അവര്‍ ഒരുമിച്ചു വാതില്‍ക്കലേക്ക് നടന്നു. അവര്‍ അവരുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു. രാത്രിയുടെ കരിനീല പുതപ്പും വിടര്‍ത്തിയിട്ട് ശാന്തമായി കിടന്നുറങ്ങുന്ന ആ വലിയ പുഴയിലേക്ക് അവര്‍ ഒരുമിച്ച് പറന്നിറങ്ങി. അടുത്ത ജന്മത്തിലെങ്കിലും മതവും ജാതിയും ഒന്നുമില്ലാത്ത സാധാരണ മനുഷ്യര്‍ മാത്രമായി ജനിക്കണേ എന്ന പ്രാര്‍ഥനയോടെ...

ആ  കഥയുടെ അവസാന  ഭാഗം ഇങ്ങനെ പൂര്‍ത്തീകരിച്ചതിനു ശേഷം  അവന്‍ പേന നിലത്തു വച്ച് ശാന്തനായി ഇരുന്നു. ഉറങ്ങിക്കിടക്കുന്ന മാളവികയെ മരണത്തിലേക്ക് ചേക്കേറാനായി വിളിച്ചുണര്‍ത്താനാവാതെ, അവന്‍ നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കി വിതുമ്പി...

അഭിപ്രായങ്ങള്‍


  1. " ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പോരടിക്കുന്ന, സ്നേഹിക്കുന്ന മനസ്സുകളുടെ ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും യാതൊരു വിലയും നല്‍കാതെ, കാലഹരണപ്പെട്ട യാഥാസ്ഥിതിക ചിന്താഗതികള്‍ മുറുകെപ്പിടിക്കുന്ന ഈ ലോകത്ത്, മരിച്ച മനസ്സുമായി ബാക്കി ജീവിതം തള്ളിനീക്കുന്ന ശരീരങ്ങള്‍ നമുക്കിനി വേണ്ട.... "


    കിടിലന്‍ sentence...കലക്കി .... ക്ലൈമാക്സ്‌ തകര്‍ത്തു ...


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ശരത്.

      ഇതില്‍ നിന്നും ഈ വരികള്‍ തന്നെ വീണ്ടുമെടുത്തെഴുതിയതിന് ഒരു പ്രത്യേക നന്ദി...
      :)

      ഇല്ലാതാക്കൂ
  2. മാളവികയുടെയും റെജിയുടെയും പ്രണയത്തിലൂടെ ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ സൗന്ദര്യവും അതിനപ്പുറം അത് എത്രമാത്രം തീവ്രവും ആണെന്ന് വരച്ചു കാണിക്കാന്‍ ഈ കഥയിലൂടെ സാധിച്ചു. അവരുടെ ജീവിതത്തില്‍ ഇനി എന്ത് സംഭവിക്കും എന്ന് ഓരോ വായനക്കാരനെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു climax കൂടി ആയപ്പോള്‍ ഇതൊരു ഉദാത്തമായ കലാസ്രിഷ്ടി യായി മാറി ... വളരെ നന്നായിട്ടുണ്ട് മിഥുന്‍ .. ഇനിയും ഇതുപോലുള്ള നല്ല കഥകളും കവിതകളും പ്രതീക്ഷിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്രയും വിശദമായ ഈ അഭിപ്രായത്തിനു ഒരു വലിയ നന്ദി.. :)

      ഇല്ലാതാക്കൂ
  3. ഇതു കലകിലോ ടാ ഗെടി ...
    ഇതു ഒരു കഥ പോലും മുഴുവന്‍ വയികത എന്നെ നീ മൊത്തം വയിപിച്ചല്ലോ ടാ വാവേ ...

    മറുപടിഇല്ലാതാക്കൂ
  4. മാളൂട്ടിയോടും റെജി യോടും ഞാന്‍ തിരകിയതായി പറയണംടോ ....

    പ്രണയത്തിന്റെ ദിവ്യമായ പുതിയ തലങ്ങള്‍ തേടിയുള്ള യാത്രയില്‍ ജീവിടത്തിന്റെ ഓരോ പടികളും ഒന്നിച്ചു കയ്പിടിച്ചു കയറാന്‍ കഴിയട്ടെ എന്നു ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ ആശംസിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  5. അവര്‍ മരിക്കുന്നില്ല ..... ആ ട്രെയിന്‍ യാത്ര അവരുടെ ജീവിതതിലേക്കുള്ള യാത്ര ... അല്ലേ മിഥു ....

    മറുപടിഇല്ലാതാക്കൂ
  6. ചോദിക്കാന്‍ മറന്നു സെക്കന്റ്‌ പാര്‍ട്ട്‌ ഉണ്ടാകുമോ ...
    വായിക്കാന്‍ കൊതി തോനുന്നു .....


    അവരുടെ പ്രണയവും ഇതു വരെ ഉള്ള ജീവിതവും നേരില്‍ കണ്ട പോലെ നീ മനസ്സില്‍ വരച്ചു കാണിച്ചു....പിന്നീട് അവരുടെ ജീവിതം എന്തെന്നറിയാന്‍ വളരെ ഏറെ ആഗാംഷ ഉണ്ട്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..