ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഠമാർ പഠാർ..!!

 
" ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാൽ"
 
മഴക്കാർ മാഞ്ഞുകൊണ്ടിരിക്കുന്ന, വെള്ളിയാഴ്ചയിലെ സുഖമുള്ള ഒരു തണുത്ത സായാഹ്നം. എല്ലാവരും ഓഫീസിൽ നിന്നും നാട്ടിലേക്ക് പോകാൻ 6 മണി കഴിഞ്ഞപ്പോഴേക്കും ഇറങ്ങിത്തുടങ്ങി. കുറച്ചു കൂടി ഇരുട്ടിയിട്ട്, വണ്ടികളൊക്കെ ഒന്ന് ഒതുങ്ങിയിട്ട്, തിരക്കൊക്കെ മാറിയിട്ട്, സാവകാശം പുറപ്പെടാം എന്ന് കരുതി ഞാൻ അങ്ങിനെ കാത്തു നിന്നു. എന്തിനാ വെറുതെ ധൃതി പിടിക്കണേ.. വീട്ടിലേക്കല്ലേ പോണേ.. അതവിടെത്തന്നെ ഉണ്ടാകും ലോ.. അപ്പൊ കുറച്ചു പയ്യെ ഇറങ്ങിയാ മതി..

അങ്ങിനെ ഒരു 7.30 ആയപ്പോഴേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തു.
ബജാജ് പൾസർ 200 NS..!
ഇവൻ ചില്ലറക്കാരനല്ല, എന്നേയും കൊണ്ട് പല തവണ പറന്നിട്ടുള്ളതാ. പക്ഷേ ഇപ്പൊ ഒരു മൂഡ്‌ ഇല്ല. എന്തിനാ വെറുതേ സ്പീഡ്. സാവകാശം പോയാ മതിയല്ലോ. അങ്ങിനെ എന്റെ NS എന്നേം വഹിച്ചുകൊണ്ട് ഒരു 35-40, ഇടക്കൊക്കെ 40-45 എന്ന കണക്കിൽ കുതിച്ചു പാഞ്ഞു.

HMT കഴിഞ്ഞപ്പോ ഒരു സ്കൂട്ടിക്കാരൻ എന്നേം നോക്കി ഇളിച്ചുകൊണ്ട് ഓവർടേക്ക് ചെയ്തു പോണു. ആ ആക്കിക്കൊണ്ടുള്ള ചിരി എനിക്കിഷ്ട്ടപ്പെട്ടില്ല. ഞാൻ വിടുമോ.. ഒരൊറ്റ തിരിയങ്ങു വച്ച് കൊടുത്തു, 45-50.. സ്കൂട്ടിക്കാരൻ ചമ്മിപ്പോയി.

അങ്ങിനെ ആലുവ ഫ്ലൈ ഓവർ കഴിഞ്ഞ് വലത്തേ ട്രാക്കിലൂടെ പോകുമ്പോ, ദാണ്ടഡാ ഒരുത്തൻ ഇടതു വശത്ത്‌ നിന്ന് തുള്ളിച്ചാടുന്നു. ഹെൽമെറ്റിനുള്ളിൽ കുത്തിത്തിരുകി വച്ചിരിക്കുന്ന തല പയ്യെ ഇടത്തോട്ടു ചരിക്കാൻ ശ്രമിച്ചെങ്കിലും, ഫ്രെണ്ടിൽ പോണ വണ്ടീന്ന് ശ്രദ്ധ മാറ്റാൻ തോന്നാത്തത് കൊണ്ട്, ആ തുള്ളിച്ചാടിയ പയ്യനെ മൈൻഡ് ചെയ്യാതെ നേരെ നോക്കി വിട്ടു പോയി... അപ്പൊ തന്നെ ഒരു ഫോണ്‍ കാൾ. വണ്ടി സൈഡ് ആക്കി ഫോണ്‍ എടുത്തു. ആഹാ.. നമ്മുടെ വിജയൻ ചിരിച്ചോണ്ട് നിക്കണ പടം.

"ഹലോ.. പറയടാ.."
"നീയെന്താടാ കോപ്പേ എന്നെ കണ്ടിട്ട് നിർത്താണ്ട് പോയേ...??"
"നീയെവിടാ..??"
"ഞാനാ ഇപ്പുറത്തു കിടന്ന് തുള്ളിച്ചാടിയത്..."
"ആ.. അത് നീയാർന്നൊ.. ഞാൻ ശ്രദ്ധിച്ചില്ലടാ.. ഞാൻ ദേ, ഈ പാലത്തിന്റെ ഇപ്പുറത്ത് ഉണ്ട്.. ഇങ്ങോട്ട് വാ.. വെയിറ്റ് ചെയ്യാം.."
"ആ.. നിക്ക്.. നിക്ക്.... ദേ വരണു.."

ഞാൻ അങ്ങിനെ ആ വരാമെന്നേറ്റ മൊതലിനേം കാത്ത് ആലുവ പാലത്തിനിക്കരെ നിന്നു . ദാണ്ടഡാ.. ലവൻ ഓടിക്കിതച്ചു വരണു.. അയ്യടാ പാവം.. അവിടെ പോയി പിക്ക് ചെയ്യാമായിരുന്നു.. ആ പോട്ടെ, അവൻ ഇങ്ങു വന്നല്ലോ...

വന്ന വഴി അവൻ പറഞ്ഞു, "ഡാ വേഗം എടുത്തോ, പിള്ളേരൊക്കെ വൈറ്റിങ്ങ് ആണ്, ചിറങ്ങര.. പാർട്ടി.. പാർട്ടി.... ഹൂയ്.. പോട്ടെ പോട്ടെ...."
"വാ.. കേറിക്കോ"

തോട്ടക്കാട്ടുകര സിഗ്നൽ ചോപ്പേന്നു പച്ച ആകാറായി.. സിഗ്നലിൽ പെടാതിരിക്കാൻ ഒന്ന് സ്പീഡ് കൂട്ടി. 60-65.. ചോപ്പ ആകണേനു മുൻപേ സിഗ്നൽ കവർ ചെയ്തു. പുറകിലിരുന്നു വിജയന്റെ പ്രോത്സാഹനം.

"വാവ്... സൂപ്പർ ആയി.."

സന്തോഷം + അഭിമാനം + ഉത്സാഹം -- (1)

സ്പീഡ് കുറക്കാൻ തോന്നിയില്ല. കുറച്ചു കൂടി പോയപ്പോ രണ്ടു വണ്ടികൾ ആർക്കും സൈഡ് കൊടുക്കാതെ പോണു. രണ്ടിന്റേം ഇടയിലൂടെ വച്ചങ്ങു കാച്ചി.. 65-70...

വിജയന്റെ പ്രോത്സാഹനം..
"എടാ..!! കിടു...!! നീ ഇപ്പൊ സൂപ്പർ ആയീലോ..."

സന്തോഷം + അഭിമാനം + ഉത്സാഹം -- (2)

വീണ്ടും അതേ സ്പീഡ് മെയിന്റെയിൻ ചെയ്തു. കുറച്ചൂടെ ചെന്നപ്പോ ദാണ്ടഡാ ഒരുത്തൻ വണ്ടി വരുന്നുണ്ടോന്നു പോലും നോക്കാതെ ഒരു പോക്കറ്റ്‌ റോഡിൽ നിന്നും NH-ലേക്ക് അവന്റെ Alto കുത്തിക്കേറ്റി വരുന്നു. രണ്ടു ഹോണ്‍ + രണ്ടു ലൈറ്റ് ഫ്ലാഷ്.. Alto ഞെട്ടി സൈഡ് ആയി, NS ആ ഗാപ്പിലൂടെ വെട്ടിച്ച് കടന്നു പോയി.

വിജയന്റെ പ്രോത്സാഹനം..
"എടാ...!! നീ പൊരിച്ചു ഡാ...!! കിടിലോൽകിടിലം...!! നീ പഴയ സ്ലോ റൈഡിംഗ് ഒക്കെ വിട്ടൂലേ.. സൂപ്പെർ ആയിട്ട് ഓടിക്കണുണ്ടല്ലോ.."

സന്തോഷം + അഭിമാനം + ഉത്സാഹം -- (3)

"ഇതൊക്കെ യെന്ത്..!!" 70-75-ൽ NS കുതിച്ചു പാഞ്ഞു.... സിഗ്നലുകൾ, കാറുകൾ, ജീപ്പുകൾ, പാണ്ടി ലോറികൾ, ബസ്സുകൾ.. എല്ലാം പുഷ്പം പോലെ തരണം ചെയ്ത് NS അങ്കമാലി എത്തി. വിജയന്റെ ഫോണ്‍ റിങ്ങിത്തുടങ്ങി, ഒരുത്തനെ വിളിച്ചു കള്ളുകുടിപ്പിച്ച് കെടത്താൻ എന്താ കൂട്ടുകാരുടെ ഉത്സാഹം എന്നും പറഞ്ഞു അവൻ ഫോണ്‍ ചെവിയോടു ചേർത്തു.

"ഡാ.. @#*/#@ എവിടെ എത്തി...?"
"വണ്ടീലാ...."
"എവിടെ..??"
"വണ്ടീലാ ഡാ  *#@%$#*"
"എടാ @#%$@*#, എവിടെ എത്തി.."
"കരയാംപറമ്പ്... കരയാംപറമ്പ്...."
"എവിടെ...??"
"കരയാംപറമ്പ് ഡാ #@&%$#"

ശുഭം..! ആ ഇൻഫോർമേറ്റിവ് ആയ ഫോണ്‍ വിളി അങ്ങിനെ അവസാനിച്ചു. അങ്കമാലി എത്തിയപ്പോ ഇവൻ കേറി കരയാംപറമ്പ് എന്ന് പറഞ്ഞു. ഇനി ആ ഡിസ്റ്റൻസ് കവർ ചെയ്യാൻ കുറച്ചൂടെ സ്പീഡ് വേണ്ടി വരും.. 75-ഉം 80-ഉം വിട്ട് NS മൂളി........

വീണ്ടും പ്രോത്സാഹനം..!

"ഡാ... നീ സൂപ്പർ ആയി ട്ടാ... കിടു ഡ്രൈവിംഗ്.... പൊളിച്ചടുക്കി.... കലക്കൻ..."

അവനതു പറഞ്ഞു നാക്ക് ഉള്ളിലേക്ക് വക്കാനുള്ള സമയം കിട്ടിയോന്ന് അറിയില്ല...

ഠമാർ പഠാർ..!!

മുൻപിൽ കാര്യായി വണ്ടികളൊന്നും ഇല്ലാഞ്ഞിട്ടുകൂടി, ആ Swift-കാരൻ ചുവപ്പ് കത്തിക്കിടന്ന സിഗ്നലിനു 100 മീറ്റർ മുൻപേ വണ്ടി നിർത്തിയതുകൊണ്ടാണോ, പുറകിൽ വന്ന പാണ്ടി ലോറി ഹോണ്‍ അടിച്ചും ലൈറ്റ് ഇട്ടും പരിഭ്രാന്തി പരത്തിയത്കൊണ്ടാണോ, അതോ ഇനി NS-ന് ബ്രേക്ക്‌ കിട്ടാഞ്ഞിട്ടാണോ എന്നൊന്നും തിരിച്ചറിയാനുള്ള സമയം കിട്ടിയില്ല.

NS-ന്റെ ഫ്രണ്ട് വീലും Swift-ന്റെ ബാക്ക് വീലും തമ്മിൽ ഫ്രഞ്ച് കിസ്സ്‌ അടിച്ച മാതിരി ഇരിക്കണു..! NS ആരാ മോൻ, ജിമ്മനല്ലേ, ജിമ്മൻ..! അതോണ്ട് അവനൊന്നും പറ്റിയില്ല, ഞങ്ങൾക്കും. പക്ഷേ Swift-ന്റെ ബാക്ക് അത്ര പോര. ഒരു ചെറിയേ ഇടി കഴിഞ്ഞപ്പോഴേക്കും ഒരുമാതിരി ചളുങ്ങി ഞിളങ്ങി പ്ലിങ്ങി... അയ്യേ.. അയ്യയ്യയ്യേ.. ഒരു ഓഞ്ഞ ലുക്ക്‌... ഒന്നും ആലോചിച്ചില്ല, ഇറങ്ങി അങ്ങട് ചെന്ന് Swift-ൽ ഇരുന്ന ചേട്ടന് കൈ കൊടുത്തു...

"ചേട്ടാ.... പാണ്ടി ലോറി ഹോണ്‍ അടിച്ചു പേടിപ്പിച്ചപ്പൊ ഒന്ന് ഒതുക്കിയതാ.... സോറി ട്ടോ..."

Swift ചേട്ടൻ ആ മഹനീയ ദൃശ്യം കണ്‍കുളിരെ കാണാൻ പുറകിലേക്ക് വന്നു. ഒരു കണക്കിന്‌ ഞങ്ങൾ NS-നേം Swift-നേം ഫ്രഞ്ച് കിസ്സിൽ നിന്നും വലിച്ചു പറിച്ചെടുത്തു. ഇത് കണ്ട് പാവം Swift ചേട്ടൻ ചോദിച്ചു...

"ഇങ്ങനെയാണോ കുട്ടന്മാരെ വണ്ടി ഒതുക്കുന്നത്..?"

ഞാൻ കയ്യുംകെട്ടി അറ്റൻഷൻ ആയി നിന്നു. വിജയൻ Swift-ന്റെ പുറകിൽ തട്ടി നോക്കിയിട്ട് പറഞ്ഞു, "Swift-ന്റെ ബാക്ക് സൈഡ് ഒട്ടും സ്ട്രോങ്ങ്‌ അല്ലാലെ.. "

Swift ചേട്ടൻ അന്തം വിട്ടു നിക്കുന്നു. റോഡ്‌ ഫുൾ ബ്ലോക്ക്‌.

"അല്ല ചേട്ടാ ഇങ്ങനെ നിന്നാലെങ്ങനാ.. റോഡ്‌ ബ്ലോക്ക്‌ ആകണു.. നമുക്ക് പോണ്ടേ..."

3 പെടക്കണ 1000 ന്റെ നോട്ടും എടുത്ത് ആ Swift ചേട്ടന്റെ കയ്യിൽ വച്ചു കൊടുത്ത് അവരെ സന്തോഷ പൂർവ്വം യാത്രയാക്കി.. 

പോണ പോക്കിൽ ചുമ്മാ രണ്ട് ഉപദേശോം കൊടുത്തു.

"സിഗ്നൽ ചുവപ്പ് കത്തിക്കിടക്കുമ്പൊ ഇങ്ങനെ നടുറോട്ടിൽ വണ്ടി ഇട്ടേക്കല്ലേ ട്ടോ, നോക്കീം കണ്ടുമൊക്കെ പൊയ്ക്കോ... റ്റാറ്റാ........"

----------------------------------------------------

ഇപ്പോൾ ഒരു തമാശയായി തോന്നുന്നുണ്ടെങ്കിലും, ആ ഇടിയിൽ ഒരു പോറൽ പോലും ഏൽക്കാതിരുന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് കൊണ്ട് മാത്രം. കൂടെ എന്നും ചൊല്ലുന്ന ഈ മൃത്യുജ്ഞയ മന്ത്രത്തിന്റെ ശക്തിയും...

"ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാൽ"
----------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .