ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിപിൻ -എരിവും പുളിയും ചേർത്തൊരു കഥ

 [ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]
പാചകം...

നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കും വിധത്തിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ചമച്ചെടുക്കുന്ന സുന്ദര കല. അങ്ങിനെയുള്ള പാചക കലയെപ്പറ്റി പുരാണങ്ങളിൽ തന്നെ എത്രമാത്രം കഥകൾ. അതീവ സ്വാദിഷ്ടമായ വിഭവങ്ങൾ ഞൊടിയിടകൊണ്ട് ചമയ്ക്കാൻ കഴിവുള്ള നളരാജാവിന്റെ നളപാചക കഥകൾ മുതൽ, അന്നപൂർണ്ണാ ദേവിയുടെ പാചക കഥകൾ വരെ അക്കൂട്ടത്തിലുണ്ട്.

പുരാണങ്ങളിലും ചരിത്രങ്ങളിലും പറഞ്ഞിട്ടുള്ള, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നല്ല പാചകക്കാരെയും മനസ്സാസ്മരിച്ചുകൊണ്ട്, ഞങ്ങൾ റൂമിൽ സ്വന്തമായി പാചകം ചെയ്ത ഒരു കഥ ഇവിടെ കുറിക്കുന്നു. എരിവും പുളിയും കുറവുണ്ടെങ്കിൽ ക്ഷമിക്കുക.

റൂമിലെ പാചകത്തെപ്പറ്റിയും ഞങ്ങൾ ഉണ്ടാക്കാറുള്ള വിഭവ സമൃദ്ധമായ സദ്യയെപ്പറ്റിയും മുൻപും ഞാൻ കുറിച്ചിട്ടുള്ളതാണ്. ഇപ്പോൾ സ്ഥിരമായി ഭക്ഷണം ഹോട്ടലിൽ നിന്നാക്കി എങ്കിലും, സ്ഥിരമായി റൂമിൽ പാചകം ചെയ്തു കഴിച്ചുകൊണ്ടിരുന്ന ഒരു പ്രതാപകാലം ഞങ്ങൾക്കുമുണ്ടായിരുന്നു. മൂന്നോ നാലോ മാസങ്ങൾ കൂടുമ്പോഴെങ്കിലും നല്ലൊന്നാന്തരം ചിക്കൻ കറി വരെ വക്കാറുള്ള ഒരു സുവർണ്ണകാലം.


റൂമിലെ ചില സാമ്പിൾ പാചകക്കസർത്തുകൾ

ആ സുവർണ്ണകാലത്ത് ഞങ്ങളെ മുന്നിൽ നിന്ന് നയിച്ച് പാചകം പഠിപ്പിച്ച് കൊണ്ടിരുന്നത്, മുകളിലെ ചിത്രത്തിൽ പുറം തിരിഞ്ഞ്‌ കാര്യമായി എന്തോ ചെയ്യുന്ന മട്ടിൽ ഇരിക്കുന്ന, പാചക കലയിൽ 'അഗ്രകണ്യ'നെന്നു സ്വയം അവകാശപ്പെട്ടിരുന്ന, ഞങ്ങടെ സ്വന്തം BBC ആയ വിപിൻ ആയിരുന്നു. മല്ലിപ്പൊടിയെന്തിനാ മഞ്ഞപ്പൊടിയെന്തിനാ എന്ന് പോലും തിരിച്ചറിയാതിരുന്ന ഞങ്ങളെ പാചകത്തിന്റെ വഴികളിലൂടെ കൈപിടിച്ച് നടത്തിക്കയറ്റിയത് വിപിൻ നൽകാറുള്ള ചൂട് നിർദ്ദേശങ്ങളായിരുന്നു.

അന്നൊക്കെ ചിക്കൻ കറി വക്കാൻ തീരുമാനിച്ചാൽ, ആ നിമിഷം മുതൽ BBC ഒരു കൊച്ച് ജന്മിയായി മാറും. സംസാരത്തിലൊക്കെ പതിവിലും കൂടുതൽ ഗൌരവം ചേർക്കും. എന്നിട്ട് പറയും, "നിങ്ങള് പോയി സാധനങ്ങളൊക്കെ അടുപ്പിച്ച് വയ്ക്ക്.. ഞാൻ വന്നേക്കാം..". 

എറണാകുളത്ത് ഏതോ ഒരു കോഴ്സ് എന്തിനോ പഠിക്കാൻ വേണ്ടി വന്ന് നിന്ന് ഞങ്ങടെ റൂമിലെ ഒരു അന്തേവാസിയായി മാറിയ കണ്ണാളൻ എന്ന രഞ്ജിത് ആയിരുന്നു അക്കാലത്ത് ഞങ്ങടെ അടിമക്കണ്ണ്. അവൻ കഷ്ടപ്പെട്ട് പോയി ചിക്കനും മറ്റ് ചേരുവകളും വാങ്ങി വരും. ബാക്കി എല്ലാ പണിയും ഞങ്ങൾ എല്ലാരും ചേർന്ന് ചെയ്യും, BBC മാത്രം പ്രത്യേകം പണിയൊന്നും എടുക്കാതെ ചുമ്മാ ഞങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് നേതാവായി അങ്ങിനെ ഞെളിഞ്ഞ് നടക്കും.

ഞാൻ പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നു, കോഴിമുട്ട മാത്രം കഴിക്കുന്ന ഉണ്ണി നമ്പൂരി ഡ്രസ്സ്‌ ചെയ്ത് വച്ച ചിക്കനെ കാണുമ്പോഴേക്കും "അയ്യേ ചത്ത കോഴി" എന്നും പറഞ്ഞ് മൂക്കും പൊത്തി അടുക്കളയിൽ നിന്നിറങ്ങി ഓടുന്നു, ജിതിൻ സവാളയും ഉള്ളിയും പച്ചമുളകുമെല്ലാം കുനുകുനാന്നു അരിഞ്ഞു വക്കുന്നു, അജിത്ത് എല്ലാം പാകപ്പെടുത്തുന്നു, രാഹുൽ വന്ന് രണ്ട് അഭിപ്രായോം പറഞ്ഞ് "എന്റെ വിലപിടിപ്പുള്ള അഭിപ്രായം ആരും കേൾക്കുന്നില്ല" എന്ന് ദേഷ്യപ്പെട്ട് തല്ലുപിടിച്ച് ഒച്ചപ്പാടുണ്ടാക്കി പിണങ്ങി അടുക്കളേന്ന് ഇറങ്ങിപ്പോകുന്നു. ഇതിന്റെയെല്ലാം ഇടയിൽക്കൂടി നമ്മുടെ താരം, വിപിൻ, എല്ലാ പാത്രത്തിന്റെ അടുത്തും ഇടക്കിടക്ക് വന്ന് മണം പിടിക്കണ ആക്ഷനിട്ടിട്ട്, ഇതിൽ ഉപ്പല്പ്പം കുറവുണ്ട്, അതിൽ ഇത്തിരിക്കൂടി എരിവാകാം, ഇവിടെ ലേശം മസാല കൂടി ചേർത്തോളൂ എന്ന മട്ടിൽ ഭയങ്കരമായ നിർദ്ദേശങ്ങളൊക്കെ തന്നിട്ട് തിരിച്ചു പോകും.

ഉപ്പിട്ട് വക്കുന്ന പ്ലാസ്റ്റിക് പാത്രം എടുത്ത് തുറന്നു നോക്കി മണപ്പിച്ചിട്ട്, "ഇതിൽ മുളകിത്തിരി കുറവുണ്ടല്ലോ" എന്നുപോലും പറയാറുള്ള വിപിന് അർഹിച്ചതിലും കൂടുതൽ ബഹുമാനം നൽകിയിരുന്നു എന്ന് മനസ്സിലാക്കാൻ ഞങ്ങൾ കുറേ വൈകിപ്പോയി. ഞങ്ങളുടെ പഴേ ജുബീഷ് സാറിന്റേം ടീംസിന്റെം ഫ്ലാറ്റിൽ ഓസിനു ഫുഡ്‌ ആൻഡ്‌ അക്കമൊഡേഷൻ (പ്ലസ് ഡ്രിങ്ക്സ്) ഒത്തുവന്നപ്പൊ അവൻ ഞങ്ങടെ റൂമിൽ നിന്നും "റ്റാറ്റാ.. ബൈ ബൈ..." പറഞ്ഞ് പോയി, അവിടെ താമസമാക്കിയതിനു ശേഷമാണ് വിപിന്റെ കഴിവുകൾ ശെരിക്കും ഞങ്ങൾ മനസ്സിലാക്കിയത്.

ഇവിടുത്തെപ്പോലെ ആയിരുന്നില്ല അവിടെ. ഞങ്ങളുടെ പോലെ പാചകത്തിന്റെ എരിവും പുളിയും ഉപ്പും അറിയാത്തവരായിരുന്നില്ല വിപിന്റെ പുതിയ സഹമുറിയന്മാർ. ജുബീഷ് സാറും കിരണുമടക്കം എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പാചക കേസരികൾ. അവരുടെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ വിപിന്റെ പാചക ഉഡായിപ്പുകൾ മതിയാകുമായിരുന്നില്ല.

എന്നാലും അവസരം കിട്ടുമ്പോഴൊക്കെ വിപിൻ അടുക്കളയിൽ കയറും. ഒന്ന് രണ്ടു തവണ ഭീകരമായ പാചക വൈകൃതങ്ങൾ കാഴ്ചവച്ചതിനെ തുടർന്ന് "മേലാൽ അടുക്കളയുടെ ഭാഗത്ത് കണ്ടാ മുട്ടുകാല് തല്ലിയൊടിക്കും" എന്ന് വരെ പുതിയ സഹമുറിയന്മാർക്കു പറയേണ്ടി വന്നു. അങ്ങിനെ, ഞങ്ങൾ പാചക ചക്രവർത്തിയായി ആരാധിച്ച വിപിനെ നിസ്സാരം ഒരു തേങ്ങാച്ചമ്മന്തി ഉണ്ടാക്കുന്നതിൽ നിന്നുപോലും അവർ അതിക്രൂരമായി വിലക്കി. വെറുതേ ചെന്ന് താമസിച്ച് ഫുഡും ഡ്രിങ്ക്സും കഴിച്ച് ഒരു പണിയും ചെയ്യാതെ ഇരിക്കുന്നതിൽ വിപിന് ഉണ്ടാകാനിടയുള്ള മനോവിഷമം മനസ്സിലാക്കി "നീ എല്ലാ പാത്രങ്ങളും കഴുകി റെഡി ആക്കി വച്ചാ മാത്രം മതി" എന്ന് അവർ പറഞ്ഞു.

അങ്ങിനെ ഇവിടെ ഞങ്ങളുടെ മാസ്റ്റർ ഷെഫ് ആയി വിലസിയ വിപിൻ അവിടെ ഒരു മാസ്റ്റർ ക്ലീനർ ആയി മാറി. വെറും മാസ്റ്റർ ക്ലീനർ എന്ന് മാത്രം പറഞ്ഞാ പോരാ, അതിന്റെ കൂട്ടത്തിൽ ഒടുക്കലത്തെ ആത്മാർത്ഥതയും. "ഞങ്ങൾ കഴിച്ച പാത്രം ഞങ്ങൾ തന്നെ കഴുകിക്കോളാം" എന്ന ചിന്താഗതിയുള്ളവർക്കൊന്നും ഫുഡ്‌ കഴിച്ച് കഴിഞ്ഞ് പാത്രം നിലത്ത് വക്കാൻ പോലും പറ്റാത്ത അവസ്ഥയായി. നിലത്ത് വച്ചാ അപ്പൊ തന്നെ ഇവൻ കേറി എടുത്ത് കഴുകിവച്ച് കളയും! അത്രക്ക് ആത്മാർഥത!

ഇത്രേം ആത്മാർത്ഥതയുള്ള നല്ലൊന്നാന്തരം ഒരു അടിമക്കണ്ണിനെ ഇനിയൊരിക്കലും ഒത്തുകിട്ടില്ലാന്നറിഞ്ഞിട്ടു കൂടി അവർക്ക് വിപിനെ ചില സാങ്കേതിക കാരണങ്ങളാൽ റൂമിൽ നിന്നും ഒഴിവാക്കേണ്ടി വന്നു (ചവിട്ടിപ്പുറത്താക്കി എന്നാണ് അസൂയാലുക്കൾ പറയുന്നത്).


അങ്ങിനെ അവിടുന്ന് കുടിയിറക്കപ്പെട്ട ഞങ്ങളുടെ സ്വന്തം വിപിൻ തിരിച്ച് ഞങ്ങളുടെ റൂമിലേക്ക് കൂടും കുടുക്കയുമായി ഒരു അഭയാർത്തിയെപ്പോലെ കയറി വരുന്നതും കാത്തിരുന്ന ഞങ്ങളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട്, ഇത്രയധികം മാർക്കറ്റ് വാല്യൂ ഉള്ള വിപിന്റെ യഥാർത്ഥ വില മനസ്സിലാക്കിയ ജോസഫിന്റേം സനൂജിന്റേം ഫ്ലാറ്റുകാർ അവനെ അവരുടെ താമസസ്ഥലത്തേക്ക് റാഞ്ചി!

വിപിൻ

ഇപ്പോഴും ചിക്കൻ കറി ഉണ്ടാക്കുന്ന രാത്രികളിലും, കഴുകാൻ പാത്രങ്ങൾ കൂട്ടിയിടാറുള്ള വീക്കെന്റ്സിലും ഞങ്ങൾ പ്രതീക്ഷയോടെ അവനെ കാത്തിരിക്കും.. എന്നെങ്കിലും വരുമെന്ന വിശ്വാസത്തിൽ.... വിങ്ങുന്ന മനസ്സുമായി.......

സ്നേഹത്തോടെ,
നിന്റെ സ്വന്തം (പഴയ) സഹമുറിയന്മാർ.
[ഒപ്പ്]

അഭിപ്രായങ്ങള്‍

  1. മിഥു... പൊളിച്ചു മോനെ പൊളിച്ചു.............. :)

    മറുപടിഇല്ലാതാക്കൂ
  2. കലക്കി... എരിവും പുളിയും ഉപ്പും മുളകും എല്ലാം correct ....:)

    മറുപടിഇല്ലാതാക്കൂ
  3. aa alavalaathi vannathil pinne flattil oru thulli vellam polam kittaarillaa.. ningal venamengil thiriche edutholoo...

    മറുപടിഇല്ലാതാക്കൂ
  4. 1. "കോഴിമുട്ട മാത്രം കഴിക്കുന്ന ഉണ്ണി നമ്പൂരി"
    2. "എന്റെ വിലപിടിപ്പുള്ള അഭിപ്രായം ആരും കേൾക്കുന്നില്ല"
    3. "ഉപ്പിട്ട് വക്കുന്ന പ്ലാസ്റ്റിക് പാത്രം എടുത്ത് തുറന്നു നോക്കി മണപ്പിച്ചിട്ട്, "ഇതിൽ മുളകിത്തിരി കുറവുണ്ടല്ലോ" എന്നുപോലും പറയാറുള്ള ...."
    4. ഒന്ന് രണ്ടു തവണ ഭീകരമായ പാചക വൈകൃതങ്ങൾ കാഴ്ചവച്ചതിനെ തുടർന്ന്......


    ഭീകരം.... മോനെ..... :) WAITING FOR NEXT ........

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..