ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പഴമ്പൊരീം ബീഫും


സ്ഥലം : കൊല്ലം
സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ്
[കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!]


സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം

പതിവ് പോലെ ഒരു സാധാരണ സായാഹ്നം..

5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല.



ഊർമ്മിള ബസ്‌

"അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...."
"അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...."
"നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.."
"ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

അങ്ങിനെ മൂവർസംഘം പ്ലാൻ (B) യിലേക്ക് മാറുന്നു, "പഴമ്പൊരീം ബീഫും, ഫ്രം രമ്യ ഹോട്ടൽ".

മൂവർസംഘം

കലുങ്കിൽ ചാരി നിർത്തിയ ബൈക്ക് എടുത്ത് നേരെയാക്കി, നായകൻ കയറി റൈഡിംഗ് സീറ്റിൽ ഇരുന്നു. പെട്രോൾ ഉണ്ടോന്നറിയാനായി വണ്ടി ഒന്ന് കുലുക്കി നോക്കി.

പൊട്ടക്കിണറ്റിൽ കല്ലിട്ട പോലെ ചെറിയ ഒരു "ഗള് ഗ്ലും" ശബ്ദം. അത് കേട്ട പാടേ പെട്രോൾ ലാവിഷ് എന്നും പറഞ്ഞ് ബാക്കി രണ്ട് പേരും പാണ്ടിലോറിയിൽ അരിച്ചാക്ക് അട്ടിയിട്ട പോലെ ചാടിക്കയറി ബൈക്കിന്റെ പുറകിൽ ഇരുന്നു.


സീൻ 2 : ഹോട്ടൽ രമ്യ

"ദാണ്ടാടാ.. ചില്ല് കൂട്ടിൽ പഴമ്പൊരി ഇരുന്ന് നമ്മളെ നോക്കി ചിരിക്കണ്.. വേഗം വണ്ടി സൈഡ് ആക്കീട്ട് വാ..."

ബൈക്ക് ചായക്കടക്കടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റിൽ 'സൈഡാക്കി' മൂന്നും കൂടി കടയിലേക്ക്.

"ചേട്ടാ.. പഴമ്പൊരീം, പിന്നെ.... ബീഫ് റോസ്റ്റ് ഉണ്ടോ..?"
"ബീഫ് ഇല്ലടാ മക്കളേ.. പഴമ്പൊരി എടുക്കട്ടേ..?"

--- ആശങ്ക
വീണ്ടും പ്ലാനിംഗ്.

"എടാ.. നമുക്കെന്നാ വരദയിലോട്ട് വിടാം... അവിടെ പഴമ്പൊരീം ബീഫും കിട്ടും... ഇവിടുന്ന് പഴമ്പൊരി മാത്രായിട്ട് വാങ്ങണ്ട."

മൂന്നും കൂടി അങ്ങിനെ അവിടുന്ന് റ്റാറ്റേം പറഞ്ഞ് സൈഡാക്കിയ വണ്ടീം എടുത്ത് നേരെ ഹോട്ടെൽ വരദയിലോട്ട് പറപ്പിച്ചു.


സീൻ 3 : ഹോട്ടൽ വരദ

"ചേട്ടാ.. പഴമ്പൊരീം ബീഫും ണ്ടാ...?"
"പഴമ്പൊരി ഇല്ല ബീഫ് ഇണ്ട്.. എടുക്കണോ..?"

മൂന്നും മുഖത്തോട് മുഖം നോക്കി.
"അളിയാ..."
"ഉം.. എന്താടാ...."
"മൂഞ്ചി.. ല്ലേ..."

--- നിശബ്ദത

"എന്തായാലും ഇറങ്ങി ഇനി എന്ത് വന്നാലും കഴിച്ചേ പറ്റു.."
"ശരിയാ ഒരു കാര്യം ചെയ്യാം, ഇവിടുന്ന് ബീഫ് വാങ്ങാം, എന്നിട്ട് തിരികേ രമ്യേ പോയി പഴമ്പൊരി വാങ്ങാം.."

അങ്ങിനെ പഴമ്പൊരി ബീഫ് ചാറിൽ മുക്കി തിന്നണ രംഗം മനസ്സിൽ താലോലിച്ച്, വരദയിൽ നിന്നും ബീഫും വാങ്ങി മൂവർസംഘം നേരെ വീണ്ടും രമ്യയിലോട്ട്.


സീൻ 3 : ഹോട്ടൽ രമ്യ (വീണ്ടും)

"ചേട്ടാ... പഴമ്പൊരി വേണം.."
"അയ്യോടാ മക്കളേ, പഴമ്പൊരി എല്ലാം തീർന്നു... ഉണ്ടമ്പൊരി എടുക്കട്ടെ...?"

--- നിരാശ

"അളിയാ..."
"ഊം... എന്താടാ...."
"വീണ്ടും മൂഞ്ചി.. ല്ലേ..."

--- നിശബ്ദത

"മക്കളേ, ഉണ്ടമ്പൊരി പോതിഞ്ഞെടുക്കണോ, അതോ ഇവിടിരുന്ന് കഴിക്കണോ..?"
"ഉണ്ടമ്പൊരി തന്റെ @#%$*%@.."
"അളിയാ വേണ്ടാ.... കണ്ട്രോൾ..."
"ഉണ്ടമ്പൊരി വേണ്ട ചേട്ടാ... ഞങ്ങൾ പഴമ്പൊരി കിട്ട്വോന്നു നോക്കട്ടെ.. അപ്പൊ ശരി, പോട്ടെ ട്ടാ..."

ഫുൾ ശോകം, കൂട്ടത്തിൽ ഒരുത്തന്റെ കരച്ചിലും.

"എന്ത് പറ്റീടാ, നീ എന്തിനാ കരയണേ..."
"അളിയാ.. ഞാൻ... ഞാൻ......."
"പറയടാ....."
"ഞാൻ കുറേ ആശിച്ചു പോയീടാ... സഹിക്കാൻ പറ്റണില്ല....."
"പോട്ടെടാ പോട്ടെ... ജീവിതമാകുമ്പോ ഇങ്ങനൊക്കെ ഉണ്ടാകും ഡാ..."

കടക്കാരൻ ചേട്ടനും സങ്കടം... ആശാൻ മുഖത്ത് കടുത്ത വിഷാദവും, ചുണ്ടിൽ വിറയാർന്ന ഗദ്ഗദവുമായി, ഈറനണിഞ്ഞ കണ്ണുകളോടെ വന്ന് പിള്ളേർസിനെ ആശ്വസിപ്പിച്ചു...

"പോട്ടെടാ മക്കളെ, ഒരുത്തി പോയാ വേറൊരുത്തി വരും.. കേട്ടിട്ടില്ലേ, കടുക്കനിട്ടത് പോയാ കമ്മലിട്ടത് വരും.. നീ വിഷമിക്കണ്ടടാ മോനേ.."

മൂന്നു പേരും ഞെട്ടിത്തരിച്ച് മുഖത്തോട് മുഖം നോക്കി.

സീൻ കൈവിട്ട് പോവുകയാണെന്നും, ഇനീം അവിടെ നിന്നാ ഇങ്ങേര് ഇപ്പൊ തന്നെ പുതിയ ഒരുത്തിയെ കണ്ടുപിടിച്ച് തന്ന് കല്യാണം കഴിപ്പിക്കാൻ വരെ ചാൻസ് ഉണ്ടെന്ന് മനസ്സിലാക്കിയ പിള്ളേർസ് കടയിൽ നിന്നും നൈസ് ആയിട്ട് സ്കൂട്ട് ആയി.

കടക്ക് പുറത്ത് കടന്ന് വീണ്ടും പ്ലാനിംഗ്.

"നമ്മക്ക് നമ്മടെ ലൈറ്റ് ഹൗസിന്റെ അവിടുള്ള ഹോട്ടലുകളിലെങ്ങാൻ പോയി നോക്കാം.."
"അല്ല അളിയാ, അവിടുന്ന് പഴമ്പൊരി മാത്രം വാങ്ങി, വേറെ കടെന്നു വാങ്ങിയ ബീഫ് അവിടെ വച്ച് കഴിച്ചാ ആ ഹോട്ടലുകാർക്ക് ഫീലിംഗ്സാകുവോ..."
"ഒരു കാര്യം ചെയ്യാം, ആ ഹോട്ടലിൽ ഇരുന്ന് കഴിക്കാതെ നമുക്ക് ലൈറ്റ്ഹൗസിന്റെ താഴെ പോയിരുന്ന് കഴിക്കാം.."
"എന്നാ ഇനി സമയം കളയണ്ട, ഇരുട്ടായി വരുന്നു, വേഗം വണ്ടിയെടുക്ക്..."

അങ്ങിനെ വേറൊരു ഹോട്ടലിൽ ചെന്ന് പഴമ്പൊരീം ഒപ്പിച്ച്, അതൊന്നു വിശാലമായി ഇരുന്ന് കഴിക്കാനായി സംഘം നേരെ ലൈറ്റ്ഹൌസിലേക്ക് വിട്ടു.


സീൻ 5 : ഓണ്‍ ദി വേ റ്റു ലൈറ്റ്ഹൌസ്

മൂവർ സംഘം വണ്ടിയെടുത്തു. ലുട്ടാപ്പി, കുട്ടൂസനെയും ഡാകിനിയേയും വച്ച് കുന്തം പറപ്പിക്കണ പോലെ, നായകൻ ബൈക്ക് പറപ്പിച്ചു. കുന്തം നിലത്ത് നിന്ന് പൊന്താനുള്ള സമയം കിട്ടിക്കാണില്ല, അതിന് മുൻപ് ഒരു പോലീസ് ജീപ്പ് വന്ന് കുന്തത്തിനു വട്ടം നിന്നു.

ജീപ്പിൽ നിന്നും ഒരു എസ് ഐ മാമനും ഒരു കോണ്‍സ്റ്റബിൾ മാമനും ഇറങ്ങി വന്ന് ലുട്ടാപ്പിയെ തൂക്കിയെടുത്ത് കുന്തത്തീന്നു നിലത്തിറക്കി വച്ചു.

ബീഫിന്റെ കവറുമായി കുട്ടൂസനും, പഴമ്പൊരീടെ കവറുമായി ഡാകിനിയും സൈഡിൽ വന്ന് അനുസരണയുള്ള കുട്ടികളെപ്പോലെ കൈകെട്ടി നിന്നു.

"ബൈക്കിൽ ട്രിപ്പിൾ വക്കുന്നത് കുറ്റമാണെന്ന് അറിയില്ലേടാ..." --- എസ് ഐ ഗർജിച്ചു
"ഉം.." --- നായകൻ വിറച്ചു
"ഓഹോ.. അപ്പൊ അറിഞ്ഞു വച്ചോണ്ട് നിയമം തെറ്റിച്ചതാണല്ലേ, അഹങ്കാരി..." --- വീണ്ടും എസ് ഐ
--- നായകൻ മൌനം!

"പീസി, ഇവനെ പിടിച്ച് വണ്ടീക്കേറ്റ്, എന്നിട്ട് ബൈക്ക് എടുത്തോണ്ട് താൻ സ്റ്റേഷനിലോട്ട് വാ.."

നായകൻ ഒറ്റക്ക് പോലീസ് സ്റ്റേഷനിലേക്ക്... ഒടുക്കത്തെ ടെൻഷൻ..! കൈകാലുകൾ വിറച്ച് കൂട്ടിയിടിക്കുന്നു..! മനസ്സിലേക്ക് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ ഇരച്ചുപൊന്തി വന്നു...

എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടോകണ ഗാപ്പിൽ, എന്റെ കൂട്ടുകാരായ ഈ സാമദ്രോഹികൾ പഴമ്പൊരീം ബീഫും കഴിക്കുമോ..?

അഥവാ കഴിച്ചാൽ, അൽപ്പം ബീഫിന്റെ ചാറെങ്കിലും ഇവന്മാർ എനിക്കായി ബാക്കി വക്കുമോ...??

എന്നെ ഇനി ഈ സാറുമ്മാർ ഉപദേശിച്ച് നേരെയാക്കി വിടുമ്പോഴേക്കും പഴമ്പൊരീം ബീഫും കേടാകുമോ....???

കമ്പ്ലീറ്റ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..
ഫുൾ ടെൻഷൻ..!!


സീൻ 6 : പോലീസ് സ്റ്റേഷൻ

പോലീസ് മാമന്മാർ നിരന്ന് നിന്ന് ഒരു നിരപ്പ് ഉപദേശം...
നായകൻ തിരികെ ഒരു കൈ സന്തോഷം...

അങ്ങിനെ എല്ലാം പറഞ്ഞ് കൊംബ്ലിമെന്റ്സാക്കി.
"ഇനി മേലാൽ ആവർത്തിക്കരുത്.. ഇത്തവണത്തേക്ക് കേസാക്കുന്നില്ല..."

"ഇല്ല സർ, ഇനി എന്നെ കൊന്നാലും ഞാൻ പഴമ്പൊരീം ബീഫും കഴിക്കില്ല" എന്ന് മനസ്സിൽ പറഞ്ഞ് തലകുലുക്കി നായകൻ സ്റ്റേഷന് പുറത്തേക്ക്.

അവിടെ പുറത്ത് ചുമ്മാ കാറ്റുംകൊണ്ട് നിന്ന ആ രണ്ട് കൂട്ടുകാരുടെ കയ്യിൽ പഴമ്പൊരീടേം ബീഫിന്റേം കവറുകൾ കണ്ട നായകന്റെ കണ്ണ് നിറഞ്ഞു. ഒട്ടും താമസിച്ചില്ല, ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു-

"നിങ്ങളാടാ കൂട്ടുകാർ.. എന്നെന്നും വിശ്വസിക്കാൻ പറ്റുന്ന എന്റെ നല്ല ചങ്ങാതിമാർ.."

വികാര നിർഭരമായ അന്തരീക്ഷം. ഇത് കണ്ട് നിന്ന കഠിനഹൃദയരായ പോലീസുകാരുടെ കണ്ണുകൾ പോലും നനഞ്ഞിട്ടുണ്ടാകും. സത്യം!


സീൻ 7 : ക്ലൈമാക്സ്‌

അങ്ങിനെ അവർ കഷ്ടപ്പെട്ട് വാങ്ങിയ ആ പഴമ്പൊരീം ബീഫും ആസ്വദിച്ച് കഴിച്ചു. ഇത്ര കാത്തിരുന്നത്കൊണ്ടാന്നു തോന്നുന്നു, ആ പുതിയ കോമ്പിനേഷനു കിടിലൻ ടേസ്റ്റായിരുന്നു, ഒരുമാതിരി, അലുവാക്കഷണം മത്തിക്കറിയിൽ മുക്കി തിന്നണ ടേസ്റ്റ്!


പഴമ്പൊരീം ബീഫും
സീൻ 8 : ആന്റി-ക്ലൈമാക്സ്‌

ഈ സംഭവം നടന്നതിന് ശേഷം ഒരു മൂന്നാലു മാസമായിക്കാണും നായകന്റെ ഫോണിലേക്ക് ഒരു കാൾ;

"ഹലോ മിസ്റ്റർ പെരേര..." ടോണിൽ ആരോ വിളിച്ചിട്ട് പറയുന്നു, "നിങ്ങളെ ട്രിപ്പിൾസ് വച്ചതിനു പോലീസ് പിടിച്ചത് കേസ് ആക്കി"യിട്ടുണ്ടെന്ന്. സമൻസും അയച്ചിട്ടുണ്ടത്രേ..!

ഹോ.. ഈ കൂട്ടുകാരുടെ ഒരു കാര്യം... ചുമ്മാ പറ്റിക്കാൻ ഇങ്ങനെ ഓരോ ഉഡായിപ്പ് നമ്പറുകൾ ആയിട്ട് ഇറങ്ങിക്കോളും.

വീണ്ടും ഒരു രണ്ടു മൂന്നു മാസം ഇടവിട്ട് വേറെ വേറെ നമ്പറുകളിൽ നിന്നും സെയിം ടൈപ്പ് കാളുകൾ ഫോണിലേക്ക് ഇടക്കിടെ എത്തിക്കൊണ്ടിരുന്നു.

ഹോ ഈ കൂട്ടുകാരെക്കൊണ്ട് തോറ്റു.. ഇവന്മാരിത് ഇപ്പോളും മറന്നിട്ടില്ലേ.. തമാശക്കാർ...

വീണ്ടും രണ്ടു മൂന്നു മാസം കഴിഞ്ഞു.. നായകനെ തേടി ഒരു കുഞ്ഞു സമ്മാനം എത്തി..



അറസ്റ്റ് വാറന്റ്..!!



ഹെന്റീശ്വോയേ...!! അപ്പൊ ഇത്രേം നാൾ വിളിച്ചോണ്ടിരുന്നത് പോലീസേമാന്മ്മാർ തന്നെയായിരുന്നോ...!!

നായകന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി..!

ഉടനെ വകേൽ ഒരു വക കൂട്ടുകാരനായി വരുന്ന പോലീസുകാരനെ വിളിച്ചു,

"സ്റ്റേഷനിൽ ചെന്ന് വല്ല ഫൈൻ ഉണ്ടെങ്കി അതും അടച്ചു ഡീലിംഗ്സ് ആക്കിയാലോ?"
-ന്നു ചോദിച്ചു...

"അത് വേണ്ട.. ഏതായാലും ഇപ്പൊ കീഴടങ്ങണ്ട, കീഴടങ്ങാൻ ചെല്ലുമ്പൊ അവരെങ്ങാൻ തൂക്കിയെടുത്ത് അകത്തിട്ടാ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.. ഒരു മുൻ‌കൂർ ജാമ്യമൊക്കെ എടുത്തിട്ട് പോയാ മതി"

"കീഴടങ്ങലോ..?? മുൻ‌കൂർ ജാമ്യമോ...?????" --- ഈശ്വരന്മാരേ, കമ്പ്ലീറ്റ് കൈവിട്ട് പോകുവാണല്ലോ...

ഒട്ടും വൈകിക്കാതെ നായകൻ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു.

"സർ.. ഞാൻ ബൈക്ക് ട്രിപ്പിൾസ് കേസിലെ പ്രതിയായ ആളാ.. ഞാൻ എന്നാ വന്ന് കീഴടങ്ങണ്ടേ...."

പോലീസ് മാമന്മാർക്ക് അതിരറ്റ സന്തോഷം! ഒരു ട്രിപ്പിൾസ് അടിച്ച് പിടിച്ചിട്ട് ഇത്രയും സീരിയസ് ആയ കേസ്‌ ആ സ്റ്റേഷൻ പരിധിയിൽ ഇതിനു മുൻപ് ഉണ്ടായിട്ടല്ലത്രേ!

വരാൻ പോകുന്നത് ചില്ലറക്കാരനല്ലെന്നും ഏതോ വലിയ ഗുണ്ടാ നേതാവ് ടൈപ്പ് ആളാകുമെന്നും മനസ്സിൽ കണക്ക് കൂട്ടിയിട്ട്, ഘടാഘടിയന്മാരായ എല്ലാ പോലീസുകാരും ഡ്യൂട്ടിയിലുള്ള ഒരു തിങ്കളാഴ്ച നമ്മുടെ ഗുണ്ടയായ നായകനെ അവർ ക്ഷണിച്ചിരിക്കുകയാണ്, കീഴടങ്ങാൻ..!!




കൊച്ച് ഡോണ്‍, വിത് ടീം

ശേഷം കഥ എന്താകുമോ എന്തോ... ഇനി വല്ല തീവ്രവാദിയാണെന്നും പറഞ്ഞ് തൂക്കിക്കൊല്ലാതിരുന്നാൽ മതിയായിരുന്നു..!!

ദൈവങ്ങളെ.. ഞങ്ങടെ നായകനെ കാത്തോളണേ...!!



[ഈ കഥയിൽ മെയിൻ നായക കഥാപാത്രത്തിന്റെ പേര് പറയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നായകൻ ഇന്നോവേച്ചറിന്റെ കണ്ണിലുണ്ണിയായ അച്ചുവേട്ടൻ ആണെന്ന രഹസ്യം പുറത്ത് പറഞ്ഞാൽ അവൻ എന്നെ തൂക്കിയെടുത്ത് പഞ്ഞിക്കിടും എന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് എന്തെങ്കിലും കാരണങ്ങൾകൊണ്ട് നായകകഥാപാത്രം അച്ചു ആണെന്ന് മനസ്സിലായാലും അറിഞ്ഞതായി ഭാവിക്കല്ലേ... പ്ലീസ്..!!]

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..