ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രണ്ട് ഡംബലും ഒരു പുഞ്ചിരീം


ഡംബ്ബൽ
വിപിന്റെ നേതൃത്വത്തിൽ റൂമിൽ വട്ടം കൂടിയിരുന്ന് 50 പൈസാക്ക് പരല് കളിച്ച്‌ ചീട്ടുകളി പഠിച്ചു തുടങ്ങിയ 2011-2012 കാലഘട്ടം. കൊട്ടാരം പോലുള്ള ഞങ്ങളുടെ മണിമാളികയിൽ സന്തോഷത്തിന്റേം സമാധാനത്തിന്റേം വെള്ളരിപ്പ്രാവുകൾ പാറിപ്പറന്നു നടക്കണ നല്ല ദിവസങ്ങൾ. ഇരുട്ട് വീണുതുടങ്ങിയ, മഴച്ചാറ്റലുള്ള ഒരു തണുത്ത സായാഹ്നത്തിൽ, മുഖത്ത് ഒരു പാൽപ്പുഞ്ചിരീം കയ്യിൽ രണ്ട് ഡംബലുമായി, ഞങ്ങൾ സ്നേഹത്തോടെ 'ഇക്കാ'  വിളിക്കുന്ന ആ മൊതൽ ഞങ്ങടെ വാടക മാളികേടെ വാതിലും തള്ളിത്തൊറന്ന് അകത്തേക്ക് കേറി വന്നു. ചീട്ടുകളിയിൽ നിന്നും ചെറുതായി ശ്രദ്ധ തിരിച്ചുകൊണ്ട് ഞങ്ങൾ ഇക്കയെ നോക്കി.

"ഇതെന്താത്... കൂടും കുടുക്കേമൊക്കെയായി എങ്ങടാ...?"

"ഒന്നും പറയണ്ടടാ.. ഞാൻ പുതിയ റൂം നോക്കിക്കൊണ്ടിരിക്കുവാ.. പഴേ റൂം വെക്കേറ്റ് ചെയ്തു."

"ഒറ്റക്കാ..???"

"ഏയ്‌.. നമ്മടെ ടിങ്കൂം ജിജേഷും റൂം നോക്കി നടപ്പുണ്ട്. അവൻമാരുടെ കൂടെ ഞാനും കൂടി. നെക്സ്റ്റ് വീക്ക്‌ പുതിയ റൂം റെഡിയാകും."

ഇക്ക
"ഓഹോ.. അപ്പൊ ഒരാഴ്ച ഇവിടെ കാണൂലോ ലേ.."

"ആ.. ജസ്റ്റ് രണ്ടാഴ്ച.. ആ റൂം റെഡിയാകണ വരെ ഈ സാധനങ്ങളൊക്കെ വക്കാൻ... ഇവിടാകുമ്പോ ഓഫീസിന്റെ അടുത്താണല്ലോ.."

ആ റൌണ്ട് ചീട്ടുകളിയിൽ പരലൊത്തു വന്നതിന്റെ സന്തോഷത്തിൽ നിന്ന വിപിൻ വേറൊന്നും ആലോചിച്ചില്ല, "ഒന്നല്ല, രണ്ടല്ല, എത്ര നാൾ വേണേലും ഇവിടെ താമസിച്ചോ"ളാൻ ഇക്കാക്ക് അനുവാദം കൊടുത്തു. വെറുതെ ഒരാവശ്യോമില്ലാണ്ട്, ചുമ്മാ ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞതാണെങ്കിലും, ഇക്കാക്ക് അതങ്ങട് ഇഷ്ടപ്പെട്ടു.

ആദ്യ ദിവസം ഡംബലും പൊക്കി വന്ന ഇക്ക, പിറ്റേ ദിവസം വന്നത് ഒരു കൊതുകുവലേം കൊണ്ടായിരുന്നു. അതിന്റെ പിറ്റേ ദിവസം രണ്ട് തലയിണ, പിന്നെ ഒരു പുതപ്പ്, ഒരു ബാഗ് നിറയെ ഡ്രസ്സ്‌ അങ്ങിനെ പടിപടിയായി പഴേ റൂം കംപ്ളീറ്റ് ഞങ്ങടെ റൂമിലേക്ക് പോന്നു.

ഒരു നാഥനില്ലാതെ കിടന്ന ഞങ്ങടെ വാടക കുടുംബത്തിന്റെ ഗൃഹനാഥനായി ഇക്ക സ്വയം സ്ഥാനമേറ്റെടുത്തു, ഞങ്ങൾ പോലും അറിയാതെ. ഡെയിലി ഭക്ഷണം പുറമേ നിന്ന് കഴിച്ച് ശീലിച്ച ഞങ്ങടെ അടുക്കളയിൽ ഇക്കാന്റെ നേതൃത്വത്തിൽ പാചകം തുടങ്ങി. ചോറ് വക്കണ കുക്കർ തുരുതുരാ വിസിലടിച്ച് സന്തോഷം പ്രകടിപ്പിച്ചു.

ഇക്ക വിപിന് ചിക്കൻ പോക്സ് പരത്തിക്കൊടുക്കുന്നു
കാര്യം ഇങ്ങനൊക്കെയാണേലും ഇക്ക ഐശ്വര്യമുള്ളവനായിരുന്നു. വന്ന് കേറി രണ്ട് മാസം തികയണേന് മുൻപേ ഞങ്ങ റൂം മേറ്റ്സിന് ഫ്രീയായിട്ട് ഒരു മാസം അടുപ്പിച്ച് ലീവ് എടുക്കാനുള്ള വക ഇക്കയായിട്ട് കൊണ്ടോന്നു തന്നു. ഒരു പണീം ചെയ്യാതെ വീട്ടിലെ റൂമിൽ വാതിലുമടച്ചിരുന്ന് ആപ്പിളും മുന്തിരീം ഓറഞ്ചുമൊക്കെ അടിച്ചുകേറ്റി ചുമ്മാ വെള്ളോം കുടിച്ച് ഇരിക്കാനുള്ള ഒരു സെറ്റപ്പ്. ഞങ്ങൾക്ക് മാത്രമല്ല, ഓഫീസിലുള്ള ഒരുമാതിരി എല്ലാർക്കും ഇക്ക ആ ഭാഗ്യം (അഥവാ ചിക്കൻ പോക്സ്) പകർന്നു കൊടുത്തു.


ഇക്കയെ കുത്തി പുറത്താക്കാൻ
ജിതിന്റെ നേതൃത്വത്തിൽ നടന്ന വിഫല ശ്രമം
അങ്ങിനെയങ്ങിനെ ഞങ്ങടെ കാക്കനാട്ടെ വാടക ജിവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി ഇക്ക മാറി.

ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെ ഓടിയോടി പോയി.

അതിനിടയിൽ വിപിൻ രണ്ട് പ്രാവശ്യം വീട് മാറി.. ഒരു പ്രാവശ്യം കമ്പനീം മാറി. എന്നിട്ടും ഇക്ക പോയില്ല.

അത് കഴിഞ്ഞ് ഫ്രീയായിട്ട് താമസോം ഹോംലി ഫുഡും കിട്ടണ ഒരു ബന്ധുവീട് കണ്ട്പിടിച്ചപ്പോ ഞങ്ങളെയൊക്കെ ഉപേക്ഷിച്ച് ഞങ്ങടെ പുന്നാര ഉണ്ണിക്കുട്ടനും പോയി. എന്നിട്ടും ഇക്ക പോയില്ല.

ഇക്കാന്റെ നിക്കാഹ്
"കഷ്ട്ടി രണ്ടാഴ്ച, ഈ ഡംബലും, ബാഗും, കൊതുകുവലേം നിങ്ങടെ റൂമിൽ വച്ചോട്ടെ?" എന്ന് വളരെ നിഷ്കളങ്കമായി ചോദിച്ചോണ്ട് ഞങ്ങടെ റൂമിന്റെ പടി കേറി വന്ന ആ 'ഐറ്റം' ഒരൊഴിയാബാധയെപ്പോലെ ഞങ്ങടെ കൂടെ കൂടിയിട്ട് ഏതാണ്ട് രണ്ടര-മൂന്ന് കൊല്ലം ആയി. ഇതിനിടയിൽ ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ കൊല്ലംകാരി റിങ്കുത്താത്തയെ ഇക്ക നിക്കാഹ് ചെയ്ത് കോട്ടയത്ത് കൊണ്ടാക്കുകേം ചെയ്തു.

എന്നിട്ടും ഞങ്ങളെ വിട്ട് പോകാതെ, ഞങ്ങടെ കൂടെ നിന്ന ഞങ്ങടെ സ്വന്തം ഇക്ക.. സ്നേഹത്തിന്റെ നിറകുടമായ ഞങ്ങടെ പുന്നാര ഇക്ക...

ഫാമിലിയായി താമസിക്കാൻ പറ്റണ വീടും ഫ്ളാറ്റും തപ്പി OLX-ഇൽ കയറിയിറങ്ങി, ബ്രോക്കെർമാരെ വിളിച്ചു നടക്കണ ഇക്കേടെ മുഖം കാണുമ്പോ ഞങ്ങ റൂമീസിന് ഒരു കാര്യം ഉറപ്പായി. ഇനി അധികം നാൾ കാത്തിരിക്കേണ്ടിവരില്ല. റിങ്കുത്താത്തയേം കൂട്ടി ഇക്ക കാക്കനാടുള്ള ഏതേലും ഫ്ളാറ്റിലേക്കോ വീട്ടിലേക്കോ താമസം മാറും.

ഇക്കേം ഞങ്ങളും
അതെ, ഞങ്ങടെ സ്വന്തം ഇക്ക, ഞങ്ങളെ വിട്ട് പോകാൻ പോണു. ഞങ്ങ റൂമീസ് എന്താ ചെയ്യേണ്ടെതെന്നറിയാതെ അന്ധാളിച്ച് നിക്കുവാ. സന്തോഷംകൊണ്ട് തുള്ളിച്ചാടി ചിരിക്കണോ, അതോ സങ്കടംകൊണ്ട് അലമുറയിട്ട് കരയണോ...
എന്തായാലും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇക്ക ഞങ്ങടെ വാടക വീടിന്റെ പടിയിറങ്ങണ വരെ, കണ്ണിൽ മണ്ണ് വാരിയിട്ടാ പോലും ഞങ്ങൾ കരയില്ല, സത്യം.

(ഇനി എങ്ങാൻ അത് കണ്ട് "ഇല്ലെടാ മക്കളെ.. നിങ്ങളെ വിട്ട് ഞാൻ ഇപ്പൊ പോണില്ല.. ഒരു 'രണ്ടാഴ്ച' കൂടി കഴിയട്ടെ" എന്നും പറഞ്ഞ് തിരിച്ച് കേറി വന്നാ..!! ഹെന്റെ പള്ളീ...!! വീണ്ടും ഒരു മൂന്ന് കൊല്ലം ഠിം..!!)

അടിക്കുറിപ്പ് : 6-7 പേർക്ക് ലാവിഷ് ആയി താമസിക്കാവുന്ന ഞങ്ങടെ ലക്ഷ്വറി റൂമിൽ വിപിനും ഉണ്ണിയും ഇക്കയും പോയ ഒഴിവുകൾ ഇനിയും നികത്തപ്പെട്ടിട്ടില്ല. താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. [വിപിനെപ്പോലെ അടുക്കളയിൽ മേൽനോട്ടം വഹിക്കുന്ന, ഉണ്ണിയെപ്പോലെ മൂന്ന് നേരോം പാചകം ചെയ്യുന്ന, ഇക്കയെപ്പോലെ നല്ല ചപ്പാത്തിയുണ്ടാക്കുന്നവർക്ക് മുൻഗണന]

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .