ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുത്രകാമേഷ്ടി (Child Delivery)

പൌരാണീകമായ ഒരു ഉത്തരാധുനിക കഥ...!

കഥാപാത്ര സൂചിക

ആശ്രമം : Software Firm
രുദ്രാക്ഷ മാല : Access Card
ശിഷ്യഗണങ്ങൾ : Trainee Developers
ഋഷീശ്വരന്മാർ : Developers
മാമുനിമാർ : Senior Developers
ഹോമകുണ്ഡം : Computer
കിണ്ടിയും മണിയും : Mouse & Keyboard
യജ്ഞനാഥൻ : Manager
മാവിൻചുവട് : Conference Hall
ചേമ്പില : Laptop
രാജാവ് : Client
പുത്രൻ : Product
ദണ്ഡപാണീശ്വരൻ : Team Lead
ശ്രാരംഗാധരൻ : Boss
പുത്രകമേഷ്ടി : Framework
മന്ത്രങ്ങൾ : Technologies
അംഗരാജ്യങ്ങളിലെ ആശ്രമങ്ങൾ : Nearby Software Firms
അരുമസന്താനത്തെക്കുറിച്ചുള്ള വർണ്ണനകൾ : Product Specification

**************************



നേരം പുലർന്നു വരുന്നു. ഋഷി ദണ്ഡപാണീശ്വരൻ ഉറക്കച്ചടവിൽ നിന്നും പതിയെ കണ്ണുകൾ തുറന്നു, പുലർകാല സൂര്യനെ നോക്കി ചിരിച്ചു. പല്ലു തേക്കുന്നതിന് മുൻപേ കുടിക്കാനായി 'ബെഡ് കോഫീ' എന്ന് പേരിട്ട ആവിപറക്കുന്ന കാപ്പിയുമായി പത്നി സാവിത്രീദേവി സപ്രമഞ്ചക്കട്ടിലിനിരകേക്ക് മന്ദം മന്ദം നടന്നു വന്നു.

'ഠപ്പ്..!' എന്ന ശബ്ദത്തോടെ ആ പ്രഭാതപാനീയം മേശമേൽ വച്ചിട്ട് സാവിത്രീദേവി തിരികെ നടന്നു. മേശപ്പുറത്ത് തെറിച്ചു വീണ കാപ്പിയിൽ സമയത്തിന്റെ പ്രതിബിംബം കണ്ട ദണ്ഡപാണീശ്വരൻ ഞെട്ടി..! സമയം 8 കഴിഞ്ഞിരിക്കുന്നു. ഇന്ന് രാജകൊട്ടാരത്തിലേക്ക് വേണ്ട പൂജകൾ ചെയ്യേണ്ടതാണ്. അതിരാവിലെ ആശ്രമത്തിലേക്കു എത്താമെന്നേറ്റിരുന്നു. ഇന്ന് രാജാവ് ക്ഷുഭിതനായതു തന്നെ, തീർച്ച.

കൃത്യം 9 മണിക്ക് തന്നെ ദണ്ഡപാണി രഥവുമായി ആശ്രമത്തിന്റെ പടിപ്പുരയിൽ എത്തി. അടഞ്ഞു കിടക്കുന്ന പടിപ്പുരവാതിൽ തുറക്കാൻ, തന്റെ കഴുത്തിൽ തൂക്കിയ രുദ്രാക്ഷ മാല വാതിലിനോട് ചേർത്ത് പിടിച്ച് ദണ്ഡപാണി ഉറക്കെ പ്രാർത്ഥിച്ചു. അത്ഭുതം..! അടഞ്ഞു കിടന്ന പടിപ്പുര വാതിൽ താനേ തുറന്നു.

ആശ്രമത്തിൽ ശിഷ്യഗണങ്ങൾ എല്ലാം എത്തിക്കൊണ്ടിരിക്കുന്നു. മാമുനിമാർ ആരും വന്നുതുടങ്ങിയിട്ടില്ല. ദണ്ഡപാണി തനിക്കായി ഒരുക്കിവച്ചിട്ടുള്ള ഹോമകുണ്ഡത്തിനരികെ ഉപവിഷ്ടനായി. സ്ഥാനംതെറ്റിക്കിടന്ന കിണ്ടിയും മണിയുമെല്ലാം എടുത്ത് യഥാസ്ഥാനത്തു വച്ചു. ഹോമകുണ്ഡത്തിലേക്ക് അഗ്നി പകർന്നു. ആദ്യം ആ അഗ്നിയിൽ നിന്നും ഒരു ബീഡി കത്തിച്ച് ചുണ്ടോടു ചേർത്തു. പുക വായുവിലേക്ക് വട്ടംവരച്ച് ഉയർന്നുപൊങ്ങി. ശേഷം ലേശം സോമരസം സേവിച്ചു, അന്നത്തെ ദിവസത്തെ ഹോമങ്ങളെല്ലാം ചെയ്യാൻ മനസ്സിനെ ഒരുക്കി.

യജ്ഞനാഥൻ, മാമുനി ശ്രാരംഗാധരൻ, ആശ്രമത്തിന്റെ പുറത്ത് കുതിരപ്പുറത്ത് വന്നെത്തി. ശിഷ്യന്മാരെയെല്ലാം ആശ്രമത്തിലെ പൂത്തു നിൽക്കുന്ന മാവിൻചുവട്ടിലേക്ക്‌ വിളിപ്പിച്ചു. എല്ലാ ഹോമങ്ങളെപ്പറ്റിയും നിർദ്ദേശങ്ങൾ നൽകുന്നത് ഇവിടെ വച്ചാണ്. ശിഷ്യന്മാർ വരിവരിയായി മാവിൻചുവട്ടിൽ എത്തി. ശ്രാരംഗാധരൻ ഒരു ചേമ്പില പറിച്ചെടുത്ത് അതിലേക്ക് ലേശം മഷി പകർന്നു, മന്ത്രങ്ങൾ ഉരുവിട്ടു. അത്ഭുതം..! അതിൽ രാജകൊട്ടാരത്തിലെ ദൃശ്യങ്ങൾ തെളിഞ്ഞുവന്നു. രാജാവിനെ കണ്ട ശിഷ്യന്മാർ ഭയ-ഭക്തി-ബഹുമാനത്താൽ മൂകരായി.

രാജാവ് അരുൾ ചെയ്തു...

"പ്രിയപ്പെട്ട മാമുനിമാരെ, ഋഷി ശ്രേഷ്ഠന്മാരെ, മുനികുമാരന്മാരെ... നിങ്ങൾക്കേവർക്കും ഈയുള്ളവന്റെ പ്രണാമം..."

ശ്രാരംഗാധരൻ : "പ്രണാമം രാജൻ..."

രാജ. : "മാമുനി ശ്രാരംഗാധരാ, നമ്മുടെ ഇച്ഛ     എന്തെന്ന് ഇതിനോടകം അങ്ങേക്ക് മനസ്സിലായിക്കാണുമല്ലോ. ത്രിലോകങ്ങളെയും അറിയാവുന്ന, ത്രികാല ജ്ഞാനിയല്ലേ അവിടുന്ന്... "

ശ്രാര. : "അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി പ്രഭോ, എങ്കിലും പ്രഭോ, ആ വാർത്ത നമ്മുടെ ശിഷ്യ ഗണങ്ങൾക്കായി അങ്ങ് തന്നെ അരുൾ ചെയ്താലും.."

രാജ. : "എങ്കിൽ അങ്ങിനെയാകട്ടെ.. കാര്യം ഇതാണ് മുനിവര്യന്മാരെ, നമുക്കൊരു പുത്രനെ വേണം.. തേജസ്സ്വിയായ ഒരു പുത്രൻ.. അവൻ വീരശൂരപരാക്രമിയായി വളരണം.. സകലകലാവല്ലഭാനാകണം.. സർവ്വലോകവും അവനെ ബഹുമാനിക്കണം.. അത്രത്തോളം ശ്രേഷ്ഠനായ ഒരു പുത്രൻ നമ്മുടെ രക്തത്തിൽ ഭൂജാതനാകണം..."
ശ്രാര. : "തീർച്ചയായും, ഇതെല്ലാംതന്നെ സംഭാവ്യമാകുന്നതാണ് പ്രഭോ.."

--ശിഷ്യന്മാർ സംശയഭാവത്തോടെ മുഖത്തോടുമുഖം നോക്കുന്നു

രാജ. : "അങ്ങിനെയോ.. ശ്രേഷ്ഠം തന്നെ നിങ്ങളുടെ സിദ്ധിവിശേഷങ്ങൾ ശ്രാരംഗാധരമഹർഷീ.. അതീവ ശ്രേഷ്ഠം... പുത്രകാമേഷ്ടീ യാഗത്തെപ്പറ്റിയറിയാവുന്ന ഒരാളെ മഹനീയമായ ഈ കർത്തവ്യം എൽപ്പിചാലും.. ഇതിൽ ഒരുതരത്തിലുള്ള അപാകതകളും വന്നു ഭവിക്കാൻ പാടുള്ളതല്ല.."

ശ്രാര. : "ഈ കർത്തവ്യം നിറവേറ്റാൻ ഏറ്റവും അനുയോജ്യനായ മാമുനി, ദണ്ഡപാണീശ്വരൻ, അദ്ദേഹം ഇവിടെത്തന്നെയുണ്ട് പ്രഭോ. അദ്ദേഹം ഈ മഹായജ്ഞം നയിക്കുന്നതായിരിക്കും."

രാജ. : "ബലേഭേഷ്... ദണ്ഡപാണീശ്വരാ, അങ്ങേക്ക് നമ്മുടെ പ്രണാമം. അങ്ങയിൽ നിക്ഷിപ്തമായിട്ടുള്ള ഈ വലിയ കർത്തവ്യം അങ്ങ് എങ്ങിനെയാണ് വിജയകരമായി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നറിയാൻ നമുക്ക് അതിയായ ആകാംഷയുണ്ട്."

ദണ്ഡ. : "തീർച്ചയായും പ്രഭോ.. പുത്രകമേഷ്ടി എന്ന ഒരു യാഗത്തെപ്പറ്റി അടുത്തിടെ ഞാൻ അറിഞ്ഞിട്ടുണ്ട്. നമുക്ക് അത് ഈ ആവശ്യത്തിനായി പരീക്ഷിക്കാവുന്നതാണ്. അതിനുവേണ്ടി ഗായത്രീ മന്ത്രം അറിയാവുന്ന ഒരു മുനികുമാരനേയും, ബല-അതിബല മന്ത്രങ്ങൾ അറിയാവുന്ന 2 പേരെയും ആവശ്യമുണ്ട്. രാജകുമാരാൻ ഗണിതശാസ്ത്ര തല്പരനായി വളരാൻ അക്ഷഹൃദയ മന്ത്രമറിയാവുന്ന ഒരു ഋഷിയേയും ആവശ്യമാണ്‌ പ്രഭോ. അങ്ങയുടെ പുത്രന് അമരത്വം പ്രദാനം ചെയ്യാൻ മഹാമൃത്യുഞ്ജയ മന്ത്രം അറിയാവുന്ന ഒരാളേയും ഈ ഹോമത്തിൽ ചേർത്താൽ അത്യുത്തമം രാജൻ. മറ്റു പാപങ്ങളിൽ നിന്നും കുമാരന് മുക്തി പ്രദാനം ചെയ്യാൻ അഘമർഷണ മന്ത്രപ്രയോഗം അറിയുന്ന ഒരു ഋഷിവര്യനേയും നമുക്ക് ആവശ്യമാണ്."

രാജ. : അങ്ങിനെയെങ്കിൽ എത്രയും വേഗം തന്നെ, അംഗരാജ്യങ്ങളിലെ ആശ്രമങ്ങളിൽ നിന്നും ഈ മന്ത്രങ്ങൾ അറിയാവുന്ന കുറച്ച് മുനിശ്രേഷ്ഠൻമാരെ നമ്മുടെ ആശ്രമത്തിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കൂ മാമുനി ശ്രാരംഗാധരാ. ഈ ഹോമത്തിൽ ദണ്ഡപാണീശ്വരമുനിയെ അവർ എല്ലാവരും ചേർന്ന് സഹായിക്കട്ടെ.

ശ്രാര. : "അങ്ങിനെയാകട്ടെ രാജൻ.."

രാജ. : "നമുക്ക് നിങ്ങളെല്ലാവരും ചേർന്ന് ജനിപ്പിക്കാം എന്ന് വാഗ്ദാനം നൽകിയ നമ്മുടെ പുത്രനെ കാണാൻ തിടുക്കമായി.. പരയൂ, നാം എത്രനാൾ നമ്മുടെ പുത്രന്റെ ജനനത്തിനായി കാത്തിരിക്കണം?"

ശ്രാര. : "ഇത്തരത്തിൽ 9 മുനിമാർ ചേർന്ന് മന്ത്രങ്ങൾ ഉരുവിട്ടാൽ, 280 ദിനരാത്രങ്ങൾ കഴിയുന്ന സുദിനത്തിൽ അങ്ങേക്ക് തേജ്വസ്സിയായ ഒരു പുത്രൻ ജനിക്കുന്നതായിരിക്കും പ്രഭോ."

രാജ. : "ജനിക്കാൻ പോകുന്ന എന്റെ അരുമസന്താനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഈ വർണ്ണനകൾ കേട്ട് നാം ഏറെ സന്തോഷവാനായിരിക്കുകയാണ്. പക്ഷേ, അത്രയും നാളുകൾ നീളുന്ന കാത്തിരുപ്പ് എന്നിൽ വിരസത വളർത്തുമെന്ന കാര്യം തീർച്ചയാണ്. അതിനാൽ, മുനിശ്രേഷ്ഠന്മാരേ, ഖജനാവിൽ നിന്നും ആവശ്യത്തിനു ധനം സ്വീകരിച്ച്, അധികം മാമുനിമാരെ ഈ ഹോമത്തിൽ പങ്കെടുപ്പിച്ച് നമ്മുടെ പുത്രനെ എത്രയും വേഗം നമുക്ക് നൽകിയാലും."

ശ്രാര. : "പക്ഷേ രാജൻ... അത് അസംഭവ്യമാണ്..."

രാജ. : "മാമുനി ശ്രാരംഗാധരാ...!!! നമ്മുടെ ആഗ്രഹം നിറവേറ്റുക എന്നത് രാജഗുരുവിന്റെ സ്ഥാനം കൂടി അലങ്കരിക്കുന്ന അങ്ങയുടെ കർത്തവ്യമാണെന്ന കാര്യം അങ്ങ് വിസ്മരിക്കുകയാണോ...???"

ശ്രാര. : "ഒരിക്കലുമല്ല രാജൻ... 24 അക്ഷരങ്ങൾ നാല് വരികളിലായി വിന്യസിച്ചിരിക്കുന്ന ഗായത്രീ മന്ത്രം 24 ലക്ഷം ഉരു ഉരുവിട്ടാലേ അങ്ങേക്ക് ഊർജ്ജ്വസ്വരൂപനായ ഒരു പുത്രൻ ഭൂജാതനാകുകയുള്ളൂ.. അതിന് 280 ദിവസം എന്നത് ഒട്ടും അധികമല്ല എന്നറിഞ്ഞാലും പ്രഭോ.."

രാജ. : "കൂടുതൽ മുനിമാർ ഒരുമിച്ചിരുന്നു മന്ത്രങ്ങൾ ചൊല്ലട്ടെ, അങ്ങിനെ, 280 അല്ല വെറും 28 ദിവസങ്ങൾ കൊണ്ട് മന്ത്രോച്ചാരണം പരിസമാപ്തിയിൽ എത്തിക്കേണ്ടതാണ്. അതിനാൽ ഇനിയും അമാന്തമരുത്... ഹോമം തുടങ്ങട്ടെ.. ആവശ്യത്തിനു മുനികുമാരന്മാരേയും, ഋഷി ശ്രേഷ്ഠൻമാരെയും, മാമുനിമാരേയും ഒട്ടുംതന്നെ കാലവിളംബം കൂടാതെ ഇവിടെ എത്തിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങൂ. വേഗംതന്നെയാകട്ടെ.."

ശ്രാര. : "രാജൻ, പക്ഷേ..."

രാജ. : "നമ്മുടെ പുത്രൻ 28 നാളുകൾ കഴിയുന്ന സുദിനത്തിൽ തന്നെ ഈ ഭൂമിയിൽ ഭൂജാതനാകേണ്ടതാണ്. ഇതു നമ്മുടെ ആജ്ഞയാണ്, മാമുനി ശ്രാരംഗാധരാ..."

ശ്രാര. : "ശരി രാജൻ.. അവിടുത്തെ ഇച്ഛ..."

ശിഷ്യഗണങ്ങൾ സ്തബ്ധരായി മിഴികൾ പുറത്തേക്ക് തള്ളി. ദണ്ഡപാണീശ്വരൻ ആശ്ചര്യത്താൽ വായ്‌ പൊളിച്ചു.

------------------------------------------------

ചേമ്പിലയിൽ നിന്നും മഷി താഴേക്ക് ഊർത്തിക്കളഞ്ഞുകൊണ്ട് മാമുനി ശ്രാരംഗാധരൻ, ഋഷി ദണ്ഡപാണീശ്വരനു നേരെ തിരിഞ്ഞു. രാജകൽപ്പന ലംഘിച്ചാലുള്ള ഭാവിഷ്യത്തുകളെപ്പറ്റി ഓർമ്മപ്പെടുത്തി. ഹോമത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ ഉപദേശിച്ച് മാമുനി ശ്രാരംഗാധരൻ, മറ്റൊരു അംഗരാജ്യത്തെ രാജാവായ കുപ്പിത്തൊട്ടിയിൽ കുട്ടപ്പരാജാവിന്റെ ചിത്രം ചേമ്പിലയിലെ മഷിയിൽ തെളിയിച്ച്കൊണ്ട് നടന്ന് നീങ്ങി.

ദണ്ഡപാണീശ്വരൻ തിരികെ സ്വന്തം ഹോമകുണ്ഡത്തിനരികെ വന്നു, അണയാൻ തുടങ്ങിയ ഹോമാഗ്നിയിൽ രണ്ട് കൊലിട്ടു കുത്തി ഒരനക്കം വരുത്തി ആ അഗ്നി കെടാതെ നിർത്തി. ശേഷം, ചുരുങ്ങിയ കാലത്തിനുള്ളിൽ കുറേ ഋഷിശ്രേഷ്ഠൻമാർ ചേർന്ന് ഒരു തേജ്ജ്വസ്സിയായ പുത്രനെ ഭൂജാതനാക്കാനുള്ള വഴികൾ ആലോചിച്ച് കണ്ണുകളടച്ചിരുന്നു...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..